മഴയും വെള്ളക്കെട്ടും,​ കല്ലാട്ടുമുക്കിൽ റോഡ് നിർമ്മാണം ഇഴയുന്നു

Sunday 28 November 2021 2:01 AM IST

തിരുവനന്തപുരം: തുടർച്ചയായ മഴയും വെള്ളക്കെട്ടും കാരണം കിഴക്കേകോട്ട - കോവളം റോഡിൽ കമലേശ്വരത്തിന് സമീപം കല്ലാട്ടുമുക്കിലെ റോഡിന്റെയും ഓടയുടെയും നിർമ്മാണം ഇഴയുന്നു. ടാറിംഗിളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ മഴയെ തുടർന്ന് വെള്ളം കൂടി നിറഞ്ഞതോടെ കാൽനട പോലും അസാദ്ധ്യമായി.

നിർമ്മാണ ജോലികൾക്കായി റോഡിലെ വെള്ളം മോട്ടോറുപയോഗിച്ച് വറ്റിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉറവകളിലൂടെ വെള്ളം നിറയുന്നതാണ് ജോലികൾക്ക് തടസം. വെള്ളം ഒഴുകിപ്പോകാൻ മുമ്പുണ്ടായിരുന്ന പൈപ്പുകളിൽ മണ്ണ് നിറയുകയും കാലപ്പഴക്കത്താൽ ഇവ തകരുകയും ചെയ്‌തതോടെയാണ് കല്ലാട്ടുമുക്ക് ജംഗ്ഷൻ വെള്ളക്കെട്ടായത്. കാലവർഷത്തിന് പിന്നാലെ ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഭാഗമായുണ്ടായ കനത്തമഴയാണ് റോഡ് പൂർണമായും തകരാൻ കാരണമായത്.

തിരക്കേറിയ കിഴക്കേകോട്ട - കോവളം റോഡിൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ച ഫണ്ടുപയോഗിച്ച് ടാറിംഗിന് പകരം കോൺക്രീറ്ര് ബ്ളോക്കുകൾ പാകാനും വെള്ളം ഒഴുകിപ്പോകുന്നതിനായി ഓട നിർമ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്. റോഡിലെ വെള്ളം വറ്രിച്ചശേഷം ടാറിംഗ് ഇളക്കി റോഡ് ലെവൽ ചെയ്‌തശേഷം കോൺക്രീറ്ര് ബ്ളോക്കുകൾ പാകുന്ന ജോലികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. മഴമാറിയാൽ ദിവസങ്ങൾക്കകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എൻജിനിയർ അറിയിച്ചു.

പണി ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമിച്ചുവരികയാണ്. പ്രതികൂല കാലാവസ്ഥയാണ് തടസം. നിർമ്മാണം പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണം.

വിജയകുമാരി. വി, കൗൺസിലർ

കമലേശ്വരം വാർഡ്