ഐസ്‌ലാന്റിൽ അഗ്നി പർവ്വത സ്ഫോടനം, വൈറലായി ദൃശ്യങ്ങൾ
റെയ്ജാവിക്ക്: ഐസ്‌ലാന്റിൽ അഗ്നിപർവ്വത സ്ഫോടനത്തിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 700 വർഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ച ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതത്തിന്റെ വലിയൊരു ഭാഗം അടർന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫോട്ടോഗ്രാഫറായ ഹെർദിസ് ക്രിസ്റ്റ്ലീഫ്സണാണ് ഡ്രോൺ ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ മാർച്ച് 19നാണ് ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഇയാൾ വീഡിയോയിൽ പകർത്തിയത്. ഇതാണ് ഹെർദിസ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഐസ് ലാൻഡ് തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവ്വതം. അഗ്നിപർവ്വതത്തിന്റെ മുകളിൽ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 700 വർഷങ്ങൾക്ക് ശേഷം സംഭവിച്ച ഈ പ്രതിഭാസം കാണാൻ നിരവധി പേരാണ് എത്തിയത്. ജനവാസ മേഖലയല്ലാത്തതിനാൽ ആളപായമുണ്ടായിട്ടില്ല. ഐസ്‌ലാന്റിൽ 32 അഗ്നിപർവ്വതങ്ങൾ ഉണ്ടെന്നാണ് കണക്ക്. അഗ്നിപർവ്വതത്തിൽ നിന്നും വീഴുന്ന ഭാഗം വീഡിയോയിൽ ചെറുതായാണ് തോന്നുന്നതെങ്കിലും അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുണ്ടാകും ഇതിനെന്ന് ഹെർദിസ് പറഞ്ഞു.