പാർട്ടി ഔദ്യോഗിക പാനലിനെതിരെ മത്സരം, മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

Sunday 28 November 2021 2:28 PM IST

കണ്ണൂർ : കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് പുറത്താക്കിയ വിവരം പരസ്യപ്പെടുത്തിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് പുറത്താക്കൽ. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗിക പാനലിനെതിരെ സ്വന്തം പാനൽ അവതരിപ്പിച്ച് മത്സരിക്കുന്നതാണ് പുറത്താക്കാനുള്ള കാരണം.

അടുത്തിടെ മുഖ്യമന്ത്രിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ബ്രണ്ണൻ കോളേജ് വിഷയത്തിൽ വിവാദങ്ങളിൽ നിറഞ്ഞപ്പോൾ മമ്പറം ദിവാകരൻ കോൺഗ്രസ് അദ്ധ്യക്ഷനെ തിരുത്തി രംഗത്ത് വന്നിരുന്നു. കെപിസിസി അദ്ധ്യക്ഷൻ പക്വത കാണിക്കണമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. ഈ സംഭവങ്ങളോടെ അദ്ദേഹം പാർട്ടിയിൽ പ്രമുഖരുടെ കണ്ണിലെ കരടായി മാറിയിരുന്നു.