കത്തികാട്ടി സ്വർണമാല കവർന്ന സംഭവം:  രണ്ടുപേർ അറസ്റ്റിൽ

Monday 29 November 2021 12:00 AM IST

മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം വനിത സഹകരണ സംഘത്തിലെ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലര പവന്റെ സ്വർണ മാല കവർന്ന സംഭവത്തിൽ രണ്ട് പേരെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള വല്ലനഭാഗം പെരുമാശ്ശേരിൽ ദീപക് (29), മുറിഞ്ഞപുഴ കപ്പാലുവേങ്ങ തേൻപാറതടത്തിൽ സുഭാഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരുവന്താനം ടൗണിന് മുകളിൽ വനിത സഹകരണ സംഘം ജീവനക്കാരി, കൊക്കയാർ പളളത്തു കുഴിയിൽ രജനിയുടെ സ്വർണമാലയാണ് കവർന്നത്. ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: മൂന്നു മാസമായി പ്രതികൾ സ്ഥാപനത്തെ നിരീക്ഷിച്ചുവരികയായിരുന്നു. ആളില്ലാത്ത സമയം നോക്കി കയറി മാല പൊട്ടിക്കാനുള്ള പദ്ധതിയും രക്ഷപ്പെടാനുള്ള മാർഗവും ഇവർ ആലോചിച്ചുറപ്പിക്കുകയും ചെയ്തു. സുഭാഷ് സഹകരണ സംഘത്തിന് അൽപ്പം മുന്നോട്ട് മാറി ബൈക്ക് സ്റ്റാർട്ട് ചെയ്തു നിറുത്തുകയും ദീപക് ഒാഫീസിൽ കയറി ജീവനക്കാരിയുടെ കഴുത്തിൽ കത്തി കുത്തിപ്പിടിച്ച് മാല കവരുകയും തുടർന്ന് ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു. സമീപ മേഖലയിലെ സി.സി.ടി വി. ദൃശ്യങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ചാണ് കപ്പാലുവേങ്ങ ഭാഗത്ത് നിന്ന് സുഭാഷിനെയും ആറൻമുളയിൽ നിന്ന് ദീപക്കിനേയും അറസ്റ്റു ചെയ്തത്.

കോട്ടയം മുതൽ കുമളി വരെയുള്ള വിവിധ സ്ഥാപനങ്ങളിലും കവർച്ചയ്ക്കായി ഇവർ സമാന പദ്ധതി തയ്യാറാക്കിയിട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദീപക്കിന് വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. സുഭാഷ് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാരായം വിറ്റ കേസിലെ പ്രതിയാണ്. സ്വർണമാലയും കവർച്ചയ്ക്കായി ഉപയോഗിച്ച ബൈക്കും കത്തിയും പൊലീസ് കണ്ടെടുത്തു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പൊലീസിനായി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement