മുംബയ് നഗരത്തിന് പുതിയ ദൃശ്യഭാഷ പകർന്ന് മലയാളി ചിത്രകാരന്മാർ

Monday 29 November 2021 12:00 AM IST

മാവേലിക്കര: മുംബയ് നഗരത്തിന് പുതിയ ദൃശ്യഭാഷ പകർന്ന് ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഒൻപത് മലയാളി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ഓണാട്ടുകര കേന്ദ്രമാക്കി കൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന സാഗ എന്ന ചിത്രകാര സംഘടനാ ഭാരവാഹികളായ പ്രണവം ശ്രീകുമാർ, ഷമീർ ഹരിപ്പാട്, ഭദ്രൻ കാർത്തിക തുടങ്ങിയവർ നേതൃത്വം നൽകുന്ന പ്രദർശനത്തിൽ ചിത്രകാരന്മാരായ ആന്റണി മുഖത്തല (ചെന്നൈ), ചിത്ര, മോഹന സുബ്രഹ്മണി, മോഹനൻ വാസുദേവൻ, ഗജ മുരളീധരൻ, പ്രതാപൻ രാജപ്പൻ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

ചിത്രരചനയും പ്രദർശനങ്ങളും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഗ്യാലറികളിൽ നിരന്തരമായി സംഘടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള വ്യക്തികളാണിവർ. സമകാലീന വിഷയങ്ങളാണ് ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നവയിലേറെയും. സമകാലീന ചർച്ചാ വിഷയങ്ങളായ കൊവിഡ്, സ്ത്രീപീഡനം, വിശപ്പ്, പ്രകൃതി എന്നിവയെല്ലാം വിവിധ മാദ്ധ്യമങ്ങളിലായി കാഴ്ച്ചക്കാരന് വിരുന്നൊരുക്കുന്നു. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ മലയാളികളായ ഇത്രയധികം ചിത്രകാരന്മാരുടെ പ്രദർശനം ആദ്യമായാണ് നടക്കുന്നത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ള അൻപത് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പെർസോണ എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രദർശനം ഇന്ന് സമാപിക്കും.

Advertisement
Advertisement