മഹേശ്വരം ക്ഷേത്രത്തിലെ പച്ചക്കറി വിളവെടുപ്പ്
പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. കാർഷിക സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിന് ക്ഷേത്ര മഠാധിപതി മുന്നോട്ട് ഇറങ്ങിയതിന് മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര മഠാധിപതിയെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
ചീര, പാവയ്ക്ക, വെണ്ടയ്ക്ക, കത്തിരിക്ക, വെള്ളരിക്ക, വിവിധയിനം മുളകുകൾ എന്നിവ ഉൾപ്പെടുന്ന 25 ഓളം പച്ചക്കറികളാണ് രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ചെങ്കൽ കൃഷിഭവന്റെ സഹകരണത്തോടെ ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സ്വാമി മഹേശ്വരാനന്ദയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ പത്തോളം ജീവനക്കാർ കൃഷിയെ പരിപാലിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സൗജന്യമായി പച്ചക്കറികൾ നൽകാറുണ്ട്.
കഴിഞ്ഞ ദിവസം വിളവെടുത്ത പച്ചക്കറികൾ അമരവിള കാരുണ്യ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൈമാറി. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ഓലത്താന്നി അനിൽ, ഉദിയൻകുളങ്ങര ഗോപാലകൃഷ്‍ണൻ, എസ്. ഉഷാകുമാരി, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ഏറ്റവും നല്ല പച്ചകറി തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ ഒന്നാം സ്ഥാനം ചെങ്കൽ മഹേശ്വരം ക്ഷേത്രമാണ് കരസ്ഥമാക്കിയത്.