ഹരിത വിപ്ളവമൊരുക്കിയ നഗരസഭയിൽ ഇനി പരിസ്ഥിതി പഠനകേന്ദ്രം

Monday 29 November 2021 12:00 AM IST

ആലപ്പുഴ: ജൈവ കൃഷിയിൽ വിപ്ലവമൊരുക്കിയ ആലപ്പുഴ നഗരസഭ ജൈവ പരിസ്ഥിതി പഠന കേന്ദ്രം ആരംഭിക്കാനുള്ള പണിപ്പുരയിൽ. ആലിശേരി ലോറി സ്റ്റാൻഡിന് സമീപമുള്ള നഗരസഭാ വക സ്ഥലത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന പരിസ്ഥിതി പഠന കേന്ദ്രം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യം വളമാക്കുന്ന പ്രവൃത്തി നിലവിൽ നടന്നുവരുന്നുണ്ട്. ഈ വളം ഉപയോഗിച്ച് ജൈവ പച്ചക്കറി, പൂന്തോട്ട കൃഷി പ്രോത്സാഹിപ്പിക്കും. തുടർന്ന് വിത്ത് ഉത്പാദന കേന്ദ്രമാക്കി വളർത്തും. തൈകളും വിത്തുകളും വിൽപ്പന നടത്താൻ കഴിയുന്ന കേന്ദ്രമായി വിപുലീകരിക്കാനാണ് പദ്ധതി.

സ്ഥിരം ജീവനക്കാരെയുൾപ്പെടെ നിയോഗിച്ചാവും പഠന കേന്ദ്രത്തിന്റെ പ്രവർത്തനം. സൈക്കിൾ പ്രക്രിയക്ക് സമാനമായ കൃഷി രീതികൾ പഠനകേന്ദ്രത്തിലെത്തി നേരിട്ട് മനസിലാക്കാൻ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും കൃഷിയെകുറിച്ച് അറിയാൻ താൽപര്യമുള്ളവർക്കും അവസരമുണ്ടാകും. കേന്ദ്രം ആരംഭിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി.

കേന്ദ്രത്തിൽ ഉൾപ്പെടുന്നവ

1. സാനിട്ടേഷൻ പാർക്ക്

2. റിസോഴ്സ് റിക്കവറി ഫെഡിലിറ്റി

3. ജൈവ വള നിർമ്മാണ യൂണിറ്റ്

4. തൈ ഉത്പാദന കേന്ദ്രം

5. മാതൃകാ കൃഷിത്തോട്ടം

""

നഗരത്തിലെ കൃഷിത്തോട്ടം വൻ വിജയമാക്കാൻ സാധിച്ചു. ഇനി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന ജൈവ പരിസ്ഥിതി പഠന കേന്ദ്രമാണ് യാഥാർത്ഥ്യമാവുക.

സൗമ്യാരാജ്, നഗരസഭാ ചെയർപേഴ്സൺ

Advertisement
Advertisement