കൊവിഡ് വ്യാപനം വാക്സിൻ സുരക്ഷയില്ലാതെ ദരിദ്ര രാഷ്ട്രങ്ങൾ

Monday 29 November 2021 1:51 AM IST

കേപ്ടൗൺ : കൊവിഡ് വൈറസിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച ഒമൈക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വാക്സിനേഷൻ നിരക്കിൽ ഏറെ മുൻപന്തിയിലുള്ള വികസിത രാജ്യങ്ങൾ യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഭൂരിഭാഗം പേർക്കും ഒരു ഡോസ് വാക്സിൻ പോലും നല്കാനാവാത്ത ആഫ്രിക്കൻ രാജ്യങ്ങൾ പുതിയ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു പോലുമാകാതെ പകച്ചു നില്ക്കുകയാണ്. വാക്സിൻ ലഭ്യതയിൽ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള വേർതിരിവിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ആവർത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും ദരിദ്ര രാഷ്ട്രങ്ങൾക്ക് കൂടി വാക്സിൻ പങ്ക് വയ്ക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചിട്ടും ഒരോ ദിവസം കഴിയുന്തോറും വാക്സിൻ വിതരണത്തിലെ അസമത്വം കൂടി വരികയാണ്.

ആഫ്രിക്കൻ വൻകരയുടെ ഭാഗമായിട്ടുള്ള 54 രാജ്യങ്ങളിൽ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകൾക്ക് മാത്രമാണ്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചതാവട്ടെ 7.2 ശതമാനവും. സമ്പന്ന രാജ്യങ്ങൾ രണ്ട് ഡോസുകളും പൂർത്തീകരിച്ച് ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നൽകിത്തുടങ്ങിയിരിക്കുമ്പോഴാണ് ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും 50 ശതമാനത്തിലേറെ പേരും പൂർണമായും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവർ 60 ശതമാനത്തിലേറെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ രണ്ട് ഡോസും സ്വീകരിച്ചവർ 50 ശതമാനത്തോളമാണ്. ആഫിക്കൻ രാജ്യങ്ങളിൽ 10 ശതമാനത്തിന് മാത്രമായിരിക്കും 40 ശതമാനം വാക്സിനേഷൻ വർഷാവസാനത്തോടെ കൈവരിക്കാനാകുകയുള്ളൂവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 22.7 കോടി ഡോസ് വാക്സിനാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. സമ്പന്നരാജ്യങ്ങൾ വാക്സിൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ദരിദ്രരാജ്യങ്ങൾ പിന്തള്ളപ്പെടുന്നതിന്റെ തെളിവാണ് ആഫ്രിക്കയിലെ വാക്സിനേഷൻ നിരക്ക്. ഉത്പാദനം തുടങ്ങുന്നതിന് മുമ്പു തന്നെ കോടിക്കണക്കിന് ഡോസ് വാക്സിന്റെ കരാറാണ് നിർമാതാക്കളുമായി സമ്പന്നരാജ്യങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ദരിദ്ര രാഷ്ട്രങ്ങൾക്ക് വാക്സിൻ വാങ്ങാനുള്ള പണമില്ലാത്തതിനാൽ ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സംവിധാനത്തിലൂടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികൾ വഴിയുമാണ് വാക്സിൻ ലഭിക്കുന്നത്.

അതേ സമയം കൊവിഡ് വേളയിൽ അതീവ ജാത്രത പുലർത്താനുള്ള മുന്നറിയിപ്പായി ഒമൈക്രോൺ വകഭേദത്തെ ഇന്ത്യ കണക്കാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ. നമ്മുടെ കയ്യിലുള്ള വാക്സിനായി മാസ്‌കിനെ കണക്കാക്കി അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഒമൈക്രോണെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. എല്ലാവരും വാക്സിൻ സ്വീകരിക്കുക, ജനിതക ശ്രേണീകരണം നടപ്പാക്കുക,​ സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ ഒമൈക്രോണിനെ നേരിടാനാകുമെന്ന് സൗമ്യ അഭിപ്രായപ്പെട്ടു.

Advertisement
Advertisement