ഒമൈക്രോൺ വ്യാപനം കൂടുന്നു; യാത്രാ വിലക്കുമായി കൂടുതൽ രാജ്യങ്ങൾ, ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക
ന്യൂയോർക്ക്: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡിലെത്തിയ പതിമൂന്ന് പേരിൽ രോഗം കണ്ടെത്തി. ഇതോടെ നെതർലൻഡിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കാനഡയിൽ രണ്ട് പേർക്കും, ഓസ്ട്രിയയിൽ ഒരാൾക്കും ഒമൈക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിലും മൂന്ന് പേരിൽ രോഗം കണ്ടെത്തി. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകളിലും പൊതുവാഹനങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി. ഒരു കേസ് റിപ്പോർട്ട് ചെയ്തതോടെ ഇസ്രയേൽ രാജ്യാതിർത്തികൾ അടച്ചു.
അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരായ യാത്രാ വിലക്ക് ദൗർഭാഗ്യകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പ്രതികരിച്ചു. ജി20 ഉച്ചകോടി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.