കാത്തിരുന്ന ആൾ എത്തി; സൗഭാഗ്യ അമ്മയായ സന്തോഷം പങ്കുവച്ച് താര കല്യാൺ

Monday 29 November 2021 11:45 AM IST

നടിയും നർത്തകിയുമായ താരകല്യാണും, മകൾ സൗഭാഗ്യയും, ഭർത്താവും നടനുമായ അർജുൻ സോമശേഖറുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ടിക്ടോക് വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തങ്ങളുടെ കുടുംബ വിശേഷങ്ങളും താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയ്ക്ക് കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ. ഇൻസ്റ്റഗ്രാമിൽ മാതാപിതാക്കൾക്കൊപ്പമുള്ള ഒരു കുഞ്ഞിന്റെ രേഖാചിത്രം പോസ്റ്റ്‌ചെയ്തുകൊണ്ടാണ് മകൾ പെൺകുഞ്ഞിന്റെ അമ്മയായ വിവരം നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റിലൂടെ ആശംസയറിയിച്ചത്.

ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്.