സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആഞ്ഞടിക്കാൻ യുഡിഎഫ്; കെ റെയിൽ, അട്ടപ്പാടി വിഷയങ്ങളിൽ പ്രത്യക്ഷ സമരത്തിലേക്ക്, സെക്രട്ടേറിയേ‌റ്റ് മാർച്ച് 18ന്

Monday 29 November 2021 11:59 AM IST

തിരുവനന്തപുരം: വിവിധ വിവാദ വിഷയങ്ങളിൽ സർ‌ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായ സമരം നടത്താൻ ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്തും. ഡിസംബർ 18ന് സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കളക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും.

അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശുമരണത്തിലും സർക്കാരിനെതിരെ സ്വരം കടുപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. അട്ടപ്പാടി ശിശുമരണമത്തിലും മുന്നണി സമരം നടത്തും. ഡിസംബർ ആറിന് യുഡിഎഫ് നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും. നവജാതശിശു വിദഗ്‌ദ്ധൻ ഇല്ലാത്തതുകൊണ്ടും വിദഗ്ദ്ധ ചികിത്സയ്‌ക്ക് സൗകര്യമില്ലാത്തതും കാരണം ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പടെ ചികിത്സയ്‌ക്ക് ചുരമിരങ്ങേണ്ട അവസ്ഥയാണ് അട്ടപ്പാടിയിലുള‌ളത്. കമ്മ്യൂണി‌റ്റി കിച്ചൺ പദ്ധതി പേരിന് മാത്രമായതിനാൽ ഇവിടെ സ്‌ത്രീകളിൽ പോഷകാഹാര കുറവ് വലുതായുണ്ട്. ഇത് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നുമുണ്ട്. ഇതിനെല്ലാം എതിരെയാണ് മുന്നണി സമരം. ഇതിനിടെ ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല.