പാർട്ടി സമ്മേളനത്തിലെ വിഭാഗീയത സംഘർഷമായി; ബ്രാഞ്ച് സെക്രട്ടറിയുടെ കാർ തല്ലിത്തകർത്തു, ബൈക്ക് കത്തിച്ചു, ആക്രമണത്തിന് പിന്നിൽ 12അംഗ സംഘം
ആലപ്പുഴ: സിപിഎം പാർട്ടി സമ്മേളനത്തിന് പിന്നാലെ രൂപംകൊണ്ട കടുത്ത വിഭാഗീയതയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ആക്രമണ സംഭവങ്ങൾ. രാമങ്കരിയിലാണ് പാർട്ടി നേതാവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. രാമങ്കരി ബ്രാഞ്ച് സെക്രട്ടറി ശരവണന്റെ വീട്ടിലെത്തിയ അക്രമിസംഘം നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. 12അംഗ അക്രമിസംഘത്തിന്റെ ആക്രമണത്തിൽ ശരവണൻ, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവർക്കും പരിക്കേറ്റു. ഇവർ കാറിൽ സഞ്ചരിക്കവെയായിരുന്നു ആക്രമണം.
വാഹനം വഴിയിൽ തടഞ്ഞശേഷം അടിച്ചുതകർക്കുകയായിരുന്നു. ശരവണന്റെ വീട്ടിലിരുന്ന ബൈക്ക് കഴിഞ്ഞ രാത്രി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശരവണൻ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചതിനാൽ മുൻപ് രാമങ്കരി ലോക്കൽ കമ്മിറ്റിയ്‌ക്ക് കീഴിലെ പത്ത് ബ്രാഞ്ച് സമ്മേളനങ്ങൾ നടത്താനായില്ല. ആക്രമണത്തിനിരയായവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.