രാജ്യസഭാ തിരഞ്ഞെടുപ്പ്; ജോസ് കെ മാണിയ്‌ക്ക് വിജയം, ഒരു വോട്ട് അസാധുവായി

Monday 29 November 2021 6:16 PM IST

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായ ജോസ്.കെ മാണിയ്‌ക്ക് വിജയം. ആകെ പോൾ ചെയ്‌ത 137 വോട്ടുകളിൽ 96 എണ്ണം ജോസ് കെ.മാണിയ്‌ക്കും 40 വോട്ട് എതിരാളി യുഡിഎഫിന്റെ ശൂരനാട് രാജശേഖരനും ലഭിച്ചു. എൽഡിഎഫിന്റെ ഒരു വോട്ടിന്റെ പേരിൽ യുഡിഎഫ് തർക്കമുന്നയിച്ചിരുന്നു.

സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ആദ്യം പിന്തുണയ്‌ക്കുന്നയാൾക്ക് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. ഇത് രേഖപ്പെടുത്താത്ത വോട്ട് അസാധുവാക്കണമെന്ന് മാത്യു കുഴൽനാടനും എൻ.ഷംസുദ്ദീനും തർക്കമുന്നയിച്ചു. ഇതോടെ ഈ വോട്ട് അസാധുവായി പ്രഖ്യാപിച്ചു. 2024 വരെയാണ് പുതിയ രാജ്യസഭാംഗത്തിന് കാലാവധി. 41 അംഗങ്ങളുണ്ടെങ്കിലും പി.ടി തോമസ് ചികിത്സയിലായതിനാൽ വോട്ട് ചെയ്യാനെത്തിയില്ല. കൊവിഡ് ബാധിതനായിരുന്നെങ്കിലും മാണി.സി കാപ്പൻ പിപിഇ കി‌റ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ടി.പി രാമകൃഷ്‌ണൻ, പി.മമ്മിക്കുട്ടി എന്നിവരും എൽഡിഎഫ് പക്ഷത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നില്ല.

കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിനെ തുടർന്ന് പാർട്ടി ചെയർമാനും രാജ്യസഭാംഗവുമായിരുന്ന ജോസ്‌ കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Advertisement
Advertisement