കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം രാജസ്ഥാനിൽ
മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ ചടങ്ങുകൾ
ബോളിവുഡിലെ സൂപ്പർ നായിക കത്രീനാ കെയ്ഫ് വിവാഹിതരാകാനൊരുങ്ങുന്നു. ബോളിവുഡിലെ യുവനായകൻ വിക്കി കൗശലാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയബന്ധരായിരുന്നു. മുപ്പത്തിയെട്ടുകാരിയായ കത്രിനയേക്കാൾ അഞ്ച് വയസിന് ഇളയതാണ് വിക്കി.
രാജസ്ഥാനിലെ രന്തം ബോറിലാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടക്കുക. വിവാഹ ചടങ്ങുകൾ മൂന്ന്ദിവസം നീണ്ടുനിൽക്കുമെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ചടങ്ങുകൾ ഡിസംബർ 7ന് തുടങ്ങും. ഡിസംബർ 9ന് ആണ് വിവാഹം.വിവാഹാഘോഷങ്ങൾ നടക്കുന്നത് രാജസ്ഥാനിലാണെങ്കിലും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യുന്നത് മുംബയിലായിരിക്കുമെന്ന് അറിയുന്നു.ഉറി ദ സർജിക്കൽ സ്ട്രൈക്ക് എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിക്കി കൗശൽ. ഇന്ത്യൻ സിനിമയിലെ പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫറായ ശ്യാം കൗശലിന്റെ മകനാണ് . ഉറിദ സർജിക്കൽ സ്ട്രൈക്കിലെ പ്രകടനത്തിന് വിക്കി കൗശൽ മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.
അനുരാഗ് കശ്യപിന്റെ സഹസംവിധായകനായി ഗ്യാംഗ്സ് ഒഫ് വസേപുർ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിക്കി കൗശൽ ആദ്യമായി പ്രധാന വേഷം അവതരിപ്പിച്ചത് മാസാൻ എന്ന ചിത്രത്തിലാണ്.
ബോളിവുഡിൽ ബൂം എന്ന ചിത്രത്തിലൂടെയാണ് കത്രീനയുടെ അരങ്ങേറ്റം. മമ്മൂട്ടിയുടെ നായികയായി ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും അഭിനയിച്ചു.
തങ്ങൾ പ്രണയത്തിലാണെന്നുള്ള വാർത്തകൾ വെറും ഗോസിപ്പാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന കത്രീനയും വിക്കിയും അടുത്ത കാലത്താണ് തങ്ങൾ പ്രണയബന്ധരാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും തുറന്നുപറഞ്ഞത്.
വിവാഹ ചടങ്ങുകൾ നടക്കുന്ന രാജസ്ഥാനിലെ രന്തം ബോറിലെ നാല്പത്തിയഞ്ചു നക്ഷത്ര ഹോട്ടലുകളിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി ബുക്ക് ചെയ്ത് കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്ക്കയും സംവിധായിക ഫറാഖാനും സൂപ്പർ താരം സൽമാൻ ഖാനും അടക്കമുള്ള വിശിഷ്ടാഥിതികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് സൂചന.
രന്തം ബോറിലെ സിക്സ് സെൻസസ് ഫോർട്ട് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ അരങ്ങേറുന്നത്.