ചർച്ച ഒഴിവാക്കിയത് സർക്കാർ തെറ്റു സമ്മതിക്കുന്നതിനാൽ: രാഹുൽ

Tuesday 30 November 2021 12:15 AM IST

ന്യൂഡൽഹി: മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയത് കർഷകരുടെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ചർച്ചയില്ലാതെ ബിൽ പാസാക്കിയതിലൂടെ തെറ്റു പറ്റിയെന്ന് സർക്കാർ സമ്മതിച്ചിരിക്കുകയാണ്. കർഷകരെയും പാവപ്പെട്ടവരെയും അടിച്ചമർത്താൻ കഴിയില്ലെന്ന് ഇതോടെ സർക്കാരിന് ബോധ്യമായി. ബില്ലിൻമേൽ ചർച്ച അനിവാര്യമായിരുന്നു. രക്തസാക്ഷിത്വം വഹിച്ച കർഷകരുടെ വിഷയത്തിലും വിവാദ നിയമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പുറത്തു വരാനും താങ്ങുവില വിഷയത്തിലും ലഖിംപൂർഖേരി വിഷയത്തിൽ ആഭ്യന്തര മന്ത്രിയുടെ കാര്യത്തിലും ചർച്ച നടക്കണമായിരുന്നു. ചർച്ച ആവശ്യമില്ലെങ്കിൽ പാർലമെന്റ് അടച്ചു പൂട്ടുന്നതാണ് നല്ലത്.

കർഷക നിയമങ്ങൾ എതിർത്തത് ഒരു വിഭാഗമാണെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണ്. കർഷകർ ഒന്നിച്ചാണ് എതിർത്തത്. തെറ്റു സമ്മതിക്കുന്നെങ്കിൽ കർഷകർക്ക് നഷ്‌ടപരിഹാരം നൽകാൻ പ്രധാനമന്ത്രി തയാറാകണം. പാവപ്പെട്ടവർക്കെതിരെ പ്രവർത്തിക്കുന്ന ഒരു സംഘത്തിന്റെ നിയന്ത്രണത്തിലാണ് സർക്കാരെന്നും രാഹുൽ പറഞ്ഞു.

റദ്ദാക്കൻ ബില്ലിൻമേൽ ചർച്ചയുണ്ടായാൽ സംസാരിക്കാൻ സന്നദ്ധനായാണ് 'സഭയിൽ വല്ലപ്പോഴും വരുന്നയാൾ" എന്ന പഴികേൾക്കാറുള്ള രാഹുൽ ഗാന്ധി ഇന്നലെ എത്തിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നലെ പാർലമെന്റിൽ എത്തിയിരുന്നു.

സർക്കാരിനെ ആക്രമിക്കാൻ കോൺഗ്രസ്

കർഷകർ സമരം തുടരുന്നതിനാൽ താങ്ങുവില, നഷ്‌ടപരിഹാരം, അജയ് മിശ്രയുടെ രാജി എന്നിവയിലും ഇന്ധന വിലവർദ്ധന തുടങ്ങിയ വിഷയങ്ങളും ശൈത്യകാല സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് എം.പിയുമായ മല്ലികാർജ്ജുന ഖാർഗെയുടെ പാർലമെന്റിലെ മുറിയിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്തിരുന്നു. തുടന്നുള്ള ദിവസങ്ങളിലും സമാന ചർച്ചയുണ്ടാകും.

Advertisement
Advertisement