ഒറിജിനലിനെ വെല്ലും നിതിന്റെ ത്രീമാന ചിത്രങ്ങൾ

Monday 29 November 2021 9:48 PM IST
നിതിൻ

പയ്യന്നൂർ: ഹൈപ്പർ റിയലസ്റ്റിക് ചിത്രകലയിൽ പുതുവഴി തേടുകയാണ് കണ്ണൂർ പയ്യന്നൂരിനടുത്തെ അന്നൂർ സ്വദേശിയായ നിതിൻ . അഞ്ച് വർഷത്തിനിടയിൽ ഇത്തരം നൂറിലധികം ചിത്രങ്ങളിലൂടെ ശ്രദ്ധേയസാന്നിദ്ധ്യമായിരിക്കുകയാണ് ഈ ചിത്രകാരൻ.

ഒരു ഹൈപ്പർ റിയലിസ്റ്റിക് ചിത്രം വരയ്ക്കാൻ ആഴ്ച്ചകൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും .വരയ്ക്കുന്നതെന്തായാലും അവയുടെ സൂക്ഷ്മഭാവങ്ങൾ അണുവിട തെറ്റാതെ പകർത്തുന്നതാവണം ഹൈപ്പർ റിയലസ്റ്റിക്ക് ചിത്രം വര.അതുകൊണ്ടുതന്നെ നിതിൻ വരച്ച ചിത്രങ്ങൾ യഥാർത്ഥ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിക്കുകയും ഫോട്ടോഷോപ്പാണെന്ന് ആരോപിക്കുന്നവരും ധാരാളമാണ് .തെറ്റിധാരണയുടെ പേരിൽ സോഷ്യൽയിൽ നിന്ന് തെറിവിളി കേൾക്കുന്ന അവസ്ഥ പോലും നേരിട്ടു.
നവമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയതാണ് ലെയ്‌സ് പാക്കറ്റിന്റെ ത്രീഡി ചിത്രം . ഇതുവരയ്ക്കാൻ ഒരു മാസത്തിനടുത്തു സമയമെടുത്തു.

ചാർക്കോൾ പെൻസിൽ ഉപയോഗിച്ചാണ് ഹൈപ്പർ റിയലസ്റ്റിക്ക് ചിത്രങ്ങൾ എല്ലാം വരയ്ക്കുന്നത്. പെൻസിൽ ഡ്രോയിംഗ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രോയിംഗ് രീതി .താൻ വരച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ ബാലി തെയ്യത്തിന്റെ പൂർണ്ണകായ രൂപമാണെന്ന് നിതിൻ പറയും. കുട്ടിയായിരിക്കുമ്പോൾ മുതൽ കുഞ്ഞു ചിത്രങ്ങൾ, കളിമൺ രൂപങ്ങൾ എന്നിവ ഇദ്ദേഹം ചെയ്തുകൊണ്ടാണ് ഈ രംഗത്ത് ഇദ്ദേഹം പ്രവേശിച്ചത് . ശാസ്ത്രീയമായി വര പഠിച്ചിട്ടില്ലെന്നതാണ് അത്ഭുതം. ഇത്രയും കാലത്തെ തന്റെ ചിത്രങ്ങളത്രയും വീട്ടിൽ സൂക്ഷിച്ചതല്ലാതെ ഒരു ചിത്ര പ്രദർശനത്തെ കുറിച്ച് ഒരിക്കൽ പോലും നിധിൻ ആലോചിച്ചിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഗംഭീര കൈയടി നേടിയ ചിത്രങ്ങൾ നിരവധി ആണെങ്കിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ മാത്രം ഒതുങ്ങി കിടന്നു. അധികം താമസിയാതെ ഒരു പ്രദർശനം നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

Advertisement
Advertisement