കുതിരാൻ കുരുക്ക്: ചരക്ക് വാഹനങ്ങളെ നിയന്ത്രിക്കുന്നു

Monday 29 November 2021 10:07 PM IST

തൃശൂർ: രണ്ടുവരി ഗതാഗതം ഏർപ്പെടുത്തി, തുടർച്ചയായി നാല് ദിവസം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കുതിരാൻ ടണലിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. വൈകിട്ട് 5 മുതൽ 9 മണി വരെ വലിയ വാഹനം നിയന്ത്രിച്ചാൽ കുരുക്ക് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

ചരക്ക് വാഹനങ്ങൾക്ക് എങ്ങനെ നിയന്ത്രണം ഏർപ്പെടുത്തണം എന്നത് സംബന്ധിച്ച് പാലക്കാട്, എറണാകുളം ജില്ലാ കളക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്നാണ് വിവരം. കളക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കുതിരാൻ ക്ഷേത്രം വഴിയാണ് തിരിച്ചുവിട്ടത്. ഇതോടെയാണ് കുരുക്കിന് താത്കാലിക പരിഹാരമായത്.

കുതിരാനിലും വഴുക്കുംപാറയിലും നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ട്. രണ്ടാം ടണലിലേക്കുള്ള റോഡ് നിർമ്മിക്കാൻ തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോയിരുന്ന റോഡ് പൊളിച്ചു നീക്കാനാണ് ടണലിലൂടെ രണ്ടുവരി ഗതാഗതം ഏർപ്പെടുത്തിയത്. എന്നാൽ രാത്രിയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് പ്രതിഷേധങ്ങൾക്കും വഴിവെച്ചു. ടണലിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുതിരാൻ ജനകീയകൂട്ടായ്മ റവന്യൂമന്ത്രിക്ക് നിവേദനവും നൽകി.

കുരുക്കിന്റെ കാരണം

വലിയ ചരക്ക് വാഹനം വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി ടണലിലെത്താൻ സമയം എടുക്കും.
മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോൾ കുരുക്ക് കൂടുതൽ മുറുകും.
പ്രത്യേക പൊലീസ് കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ നിയന്ത്രിക്കുന്നുണ്ടെങ്കിലും കുരുക്കൊഴിവാക്കാനാവുന്നില്ല

വഴിതെളിയാൻ മൂന്ന് മാസം ?

അടുത്ത വർഷം മാർച്ച് മാസത്തോടെ ദേശീയപാത പൂർണമായും ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. രണ്ടാം ടണൽ ഫെബ്രുവരിയിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് മൂന്ന് മാസം ഗതാഗത നിയന്ത്രണം തുടരേണ്ടി വരും. ടണലിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തി. പാറ പൊട്ടിക്കൽ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കാനാണ് ശ്രമം.

താത്കാലിക റോഡ് വരുമോ ?

വഴുക്കുംപാറയിൽ നിന്ന് സർവീസ് റോഡിന് ഏറ്റെടുത്ത സ്ഥലത്തിലൂടെ നിലവിലെ പാതയിലേക്ക് ബന്ധിപ്പിക്കും വിധം മറ്റൊരു റോഡ് താത്കാലികമായി പണിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കണമെന്നും പദ്ധതിച്ചെലവ് കൂടുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Advertisement
Advertisement