കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ കേരളവുമായി ചർച്ച

Tuesday 30 November 2021 12:16 AM IST

ന്യൂഡൽഹി: പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി സംരക്ഷിക്കാൻ കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം ഇറക്കും മുമ്പ് കേരളത്തിന്റെ അഭിപ്രായങ്ങൾ സംബന്ധിച്ച് ഡിസംബർ 3ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചർച്ച നടത്തും. വനം,പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ലോക്‌സഭയിൽ ഡീൻ കുര്യാക്കോസിനെ അറിയിച്ചതാണിത്.

2018 ഒക്ടോബർ 3ന് പുനഃപ്രസിദ്ധീകരിച്ച കരടു വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കും.

എല്ലാ സംസ്ഥാനങ്ങളുമായും അഭിപ്രായ സമന്വയത്തിലെത്തിയശേഷമായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുമായി 2019 മുതൽ ചർച്ചകൾ നടന്നിട്ടുണ്ട്. കരടു വിജ്ഞാപനത്തിലെ പരിസ്ഥിതി ദുർബല മേഖലകളുമായി ബന്ധപ്പെട്ട നിബന്ധനകൾ നിലനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.