പിങ്ക് പൊലീസുകാരി കാക്കിയിട്ട് വിലസുന്നു: ഭയന്നു വിറച്ച് ബാലിക

Tuesday 30 November 2021 12:24 AM IST

തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടു വയസുള്ള ദളിത് ബാലികയെയും പിതാവിനെയും നടുറോഡിൽ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത കൊല്ലത്ത് വീടിനടുത്തെ പൊലീസ് യൂണിറ്റിൽ കാക്കിയിട്ട് വിലസുന്നു.

രണ്ടാഴ്ചത്തെ നല്ല നടപ്പിനു ശേഷം വീടിനടുത്തേക്ക് സ്ഥലംമാറ്റുകയാണ് പൊലീസ് ഉന്നതർ ചെയ്തത്. രാത്രി ഡ്യൂട്ടിയില്ലാത്ത ക്രൈം റെക്കാർഡ്സ് ബ്യൂറോയിലാണ് പുതിയ നിയമനം. അതേസമയം, വിവിധ ആശുപത്രികളിൽ കൗൺസലിംഗിന് വിധേയമായ ബാലിക മാനസികാഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. കാക്കി യൂണിഫോം കാണുമ്പോൾ ഭയന്നു വിറയ്ക്കുന്നു. ഓൺലൈൻ ക്ലാസുകളും നഷ്ടമായതോടെ , പഠനവും അവതാളത്തിൽ.

വിശദാന്വേഷണത്തിന് ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെങ്കിലും, കുട്ടിയെയും പിതാവിനെയും കാണുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ രജിതയ്ക്ക് ക്ലീൻചിറ്റ് നൽകുകയാണ് ഐ.ജി ചെയ്തത്. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. . എന്നാൽ മോശം ഭാഷ ഉപയോഗിക്കുകയോ ജാതി അധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ല. തെറ്റാണെന്ന് മനസിലായിട്ടും മാപ്പു പറഞ്ഞില്ലെന്ന കുറ്റത്തിന് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. 15ദിവസത്തെ നല്ലനടപ്പിനയച്ചു. ഇതിലധികം ശിക്ഷിക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഐ.ജിയുടെ റിപ്പോർട്ട്. രജിതയ്ക്ക് പൊലീസ് യൂണിഫോമിലുള്ള ചുമതലകൾ നൽകരുതെന്ന് പട്ടിക ഗോത്രവർഗ്ഗ കമ്മിഷനും ,കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷനും ഉത്തരവിട്ടെങ്കിലും ഒന്നുമുണ്ടായില്ല.

കേസെടുക്കാൻ വകുപ്പുകളേറെ

 എട്ടുവയസുള്ള കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയത് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ

സെക്ഷൻ 75 പ്രകാരം കുറ്റകരമാണ്..

 ജാതീയമായ അടിച്ചമർത്തലുണ്ടായോയെന്ന് ഡിജിപി അന്വേഷിച്ച് നടപടിയെടുക്കാൻ പട്ടികജാതി കമ്മിഷൻ ഉത്തരവിട്ടെങ്കിലും അത്തരമൊരു അന്വേഷണവുമില്ല നടപടിയുമില്ല

 ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അന്വേഷണം നടത്തി ഡി.ജി.പി നടപടിയെടുക്കണമെന്ന് ഉത്തരവിട്ടെങ്കിലും അങ്ങനെയൊരു അന്വേഷണമില്ല

Advertisement
Advertisement