സാമ്പിൾ സർവേയിൽ നിന്ന് കമ്മിഷൻ പിൻമാറണം: എൻ.എസ്.എസ്

Tuesday 30 November 2021 12:29 AM IST

കോട്ടയം: മുന്നാക്ക വിഭാഗങ്ങൾക്ക് സഹായകരമല്ലാത്ത സാമ്പിൾ സർവേയിൽ നിന്ന് സർക്കാർ നിയോഗിച്ച കമ്മിഷൻ പിൻമാറണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ സാമ്പിൾ സർവേ നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. എൻ.എസ്.എസ്. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങൾ ശരിയാണെന്ന് മറുപടി കത്തിൽ കമ്മിഷൻ സമ്മതിച്ചിട്ടുണ്ട്. വിശദവും ശാസ്ത്രീയവുമായ സർവേ നടത്തണമെന്ന ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള കമ്മിഷൻ റിപ്പോർട്ടിലെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. അതിനെ സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി അവസാനിക്കും മുമ്പ് ഏറ്റവും കൂടുതൽ പിന്നാക്കാവസ്ഥയുള്ള ഏതാനും ആളുകൾക്കെങ്കിലും സഹായം ലഭിക്കണമെന്നുള്ള ഉദ്ദേശ്യത്താലാണ് സാമ്പിൾ സർവേ നടത്താൻ തീരുമാനിച്ചതെന്ന് കമ്മിഷന്റെ മറുപടിയിൽ പറയുന്നു.