അംബാനിയുടെ മുറ്റത്തെ 'ഭാഗ്യം' സ്പെയിനിൽ നിന്ന്, ഒലിവ് മരങ്ങളെത്തിക്കാൻ ചെലവ് 85 ലക്ഷത്തോളം

Tuesday 30 November 2021 12:43 AM IST

200 വർഷം പ്രായമുള്ള ഒലിവ് മരങ്ങളെത്തിക്കാൻ ചെലവ് 85 ലക്ഷത്തോളം

വിശാഖപട്ടണം: മുറ്റത്തൊരു ഒലിവ് മരമുണ്ടെങ്കിൽ ഭാഗ്യം തനിയേ പടികടന്നെത്തുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ അതിസമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്ക് 'ഒലിവ് മരങ്ങളുടെ ഭാഗ്യത്തിൽ' പൂർണ വിശ്വാസമാണ്. അതിനാലാവണം ഗുജറാത്തിലെ ജാംനഗറിലെ പുതിയ ബംഗ്ളാവിന്റെ പൂന്തോട്ടത്തിൽ 85 ലക്ഷത്തോളം രൂപ ചെലവിട്ട് 200 വർഷം പ്രായമുള്ള അപൂർവ ഇരട്ട ഒലിവുമരങ്ങളെത്തിച്ചത്.

ആന്ധ്രയിലെ ഗോദാവരീ നദിക്കരയിലെ കടിയം എന്ന പ്രദേശത്തെ ഗൗതമി എന്നു പേരുള്ള നഴ്സറിയിൽ സൂക്ഷിച്ചിട്ടുള്ള ഒലീവ് മരങ്ങളാണ് 5 ദിവസം കൊണ്ട് 1800 കിലോമീറ്ററോളം താണ്ടി ഗുജറാത്തിലെത്തിയത്. മൂന്നു വർഷം മുമ്പ് സ്പെയിനിൽ നിന്നു വരുത്തിയതാണ് ഈ ഒലീവ് മരങ്ങൾ. വളർന്നു പന്തലിച്ച മരങ്ങൾ ട്രക്കിലേറ്റിയാണ് ജാംനഗറിലെത്തിച്ചത്.

രണ്ട് മരങ്ങൾക്കും കൂടി 2000 കിലോ ഭാരമുണ്ട്. വേരുകളൊന്നും നഷ്ടപ്പെടാതെ മണ്ണിൽ നിന്നും ഇളക്കിയെടുത്ത ശേഷം പ്രത്യേക ആവരണമിട്ട് വേരുകൾ സംരക്ഷിച്ചാണ് യാത്രയ്ക്ക് തയാറാക്കിയത്. ക്രെയിനുകൾ ഉപയോഗിച്ച് 25 പേരോളം പേർ അടങ്ങിയ സംഘമാണ് മരങ്ങൾ ട്രക്കിലേറ്റിയത്. മരങ്ങൾക്ക് കേടുപാടുകളൊന്നും തട്ടാതിരിക്കാനായി വേഗത കുറച്ചായിരുന്നു വാഹനയാത്ര.

യൂറോപ്പിലെ മെഡിറ്ററേനിയൻ മേഖലയിൽ കാണപ്പെടുന്ന ഒലിയ യൂറോപ്യ വിഭാഗത്തിലുള്ള ഒലീവ് മരങ്ങളാണ് ഇവ. ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യത്തിന്റെയും ചിഹ്നമായി കരുതപ്പെടുന്ന ഒലീവ് മരങ്ങൾ വീട്ടിൽ വച്ചാൽ ശുഭമാണെന്നും വിശ്വാസമുണ്ട്.ജാംനഗറിലുള്ള ബംഗ്ലാവിനൊപ്പം ഒരു സസ്യശാലയും മുകേഷ് അംബാനി നിർമിക്കുന്നുണ്ടെന്നാണ് അഭ്യൂഹം. ഇതിലേക്ക് അപൂർവയിനത്തിലെ മരങ്ങളും തേടുന്നുണ്ട്.