ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസം. 3 മുതൽ കരുവന്നൂരിൽ ചർച്ച കേന്ദ്രീകരിക്കും ?

Tuesday 30 November 2021 12:47 AM IST

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽ ആശങ്കകൾ നിലനിൽക്കേ, സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 3, 4 തിയതികളിൽ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹാളിൽ നടക്കും.

സമീപപ്രദേശങ്ങളിലെ പാർട്ടി അനുഭാവികളുൾപ്പെടെയുള്ള നിക്ഷേപകരുടെ ആശങ്കകൾ നിലനിൽക്കേ, കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം പ്രധാന ചർച്ചയായി യോഗത്തിൽ ഉയർന്നേക്കും. പ്രത്യേകപാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നെങ്കിലും തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ആശ്വാസകരമാകുന്ന നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഈ വിഷയത്തിൽ പാർട്ടി സ്വീകരിച്ച നടപടികളും ചർച്ചാ വിഷയമാകും.

നടപടി ഏരിയ തലത്തിൽ ഒതുക്കിയതിനെതിരെയും വിമർശനം ഉയർന്നേക്കും. അതേസമയം, കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം കൈവരിക്കാനായത് ആത്മവിശ്വാസം നൽകുമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിലെ ഏരിയ നേത്യത്വത്തിൽ കാര്യമായ മാറ്റമുണ്ടായേക്കില്ലെന്നാണ് സൂചന. ഏരിയ സെക്രട്ടറിയായ വി. എ. മനോജ് കുമാർ തന്നെ തുടർന്നേക്കും.

ബ്രാഞ്ചുകളുടെ വർദ്ധന കാരണം പടിയൂർ ലോക്കൽ കമ്മിറ്റി വിഭജിച്ച് പടിയൂർ, എടതിരിഞ്ഞി ലോക്കൽ കമ്മിറ്റികൾ രൂപീകരിച്ചു. ഇതോടെ ഇരിങ്ങാലക്കുട ഏരിയയിൽ പതിന്നാല് ലോക്കൽ കമ്മിറ്റികളാണ് നിലവിലുള്ളത്.

ഉദ്ഘാടനം എൻ.ആർ ബാലൻ


ഇരിങ്ങാലക്കുട : രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളിൽ 3ന് ആരംഭിക്കും. ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 145 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ചന്ദ്രൻ കോമ്പാത്ത് നഗർ എന്ന് പേരിട്ടിട്ടുള്ള സമാജം ഹാളിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. രാമചന്ദ്രൻ എം.എൽ.എ , ജില്ലാ കമ്മിറ്റിയംഗം പി.കെ. ഡേവിസ്, മന്ത്രി ഡോ.ആർ. ബിന്ദു തുടങ്ങിയവർ സംബന്ധിക്കും. ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, കുടുംബസംഗമങ്ങൾ, മഹിളാസംഗമം, കലാപരിപാടികൾ, ബൈക്ക് റാലി, ഫ്‌ളാഷ് മോബ്, യുവജനസംഗമം എന്നിവ നടന്നുവരുന്നുണ്ട്.

വർദ്ധിച്ച് ബ്രാഞ്ചുകൾ

പൂർത്തീകരിച്ചത് 154 ബ്രാഞ്ച് സമ്മേളനം

അംഗത്വ വർദ്ധനയെ തുടർന്ന് നിലവിലെ ബ്രാഞ്ച് 161

പൂർത്തീകരിച്ചത് 13 ലോക്കൽ സമ്മേളനം

Advertisement
Advertisement