ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ ഉത്പാദിപ്പിക്കും

Tuesday 30 November 2021 12:51 AM IST

ആലപ്പുഴ: വനം വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം ഫല വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതൽ തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കാനാകും. എല്ലാ പഞ്ചായത്തിലും നഴ്സറികൾ ആരംഭിക്കും. ഫലവൃക്ഷങ്ങളുടെ വിത്തും സാങ്കേതിക സഹായവും വനം വകുപ്പ് നൽകും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലാണ് നഴ്‌സറികൾ പ്രവർത്തിക്കുക. നിലവിൽ ഓരോ പഞ്ചായത്തും രണ്ടുവീതം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിത്ത് പാകുന്നത് മുതൽ മൂന്ന് വർഷത്തെ പരിചരണമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. തൈകൾ വീടുകളിലും സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾക്കും ആവശ്യാനുസരണം നൽകും. ഡിസംബർ ആദ്യവാരം പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന ആലോചനാ യോഗത്തിൽ പ്രസിഡന്റ് വി.ജി. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുദർശന ഭായി, കെ. മഞ്ജുള, ജയിംസ് ചിങ്കുതറ, സിനിമോൾ സാംസൺ, ഗീത കാർത്തികേയൻ, വനം വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement