എംപിമാർക്ക് പശ്ചാത്താപം ഇല്ല, സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; മാപ്പ് പറയില്ലെന്ന് പ്രതിപക്ഷം

Tuesday 30 November 2021 12:03 PM IST

ന്യൂഡൽഹി: എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ കുറ്റം ചെയ്തവരാണെന്നും, സഭയിൽ മോശമായി പെരുമാറിയവർ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ നടപടിക്രമങ്ങൾക്ക് പ്രേരിപ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പശ്ചാത്താപം ഇല്ലെന്നും, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അപ്പീൽ താൻ പരിഗണിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേസമയം എംപിമാർ മാപ്പ് പറയില്ലെന്ന് ഖാർഗെ അറിയിച്ചു.

എംപിമാരുടെ സസ്‌പെൻഷൻ ചട്ടവിരുദ്ധമാണെന്നും, നടപടിക്ക് മുൻപ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും ഖാർഗെ പറഞ്ഞു. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാരായ ഫുലോ ദേവി നേതം, ഛായാ വർമ്മ, റിപുൺ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെൻ, ശാന്താ ഛേത്രി, പ്രിയങ്കാ ചതുർവേദി, അനിൽ ദേശായ് എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. ആഗസ്റ്റിലെ വർഷകാല സമ്മേളനത്തിൽ ഇൻഷ്വറൻസ് ബിൽ ചർച്ചയ്‌ക്കിടെ മാർഷൽമാരുമായുള്ള കൈയേറ്റത്തിന്റെ പേരിലാണ് എംപിമാരെ നടപ്പു സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.