അന്താരാഷ്ട്ര  വിമാനങ്ങൾ ഉടൻ നിർത്തലാക്കണം, ഡൽഹിയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് കെജ്‌രിവാൾ

Tuesday 30 November 2021 12:07 PM IST

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കണമെന്ന ആവശ്യവുമായി ഡ‌ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിരവധി രാജ്യങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചുവെന്നും എന്തുകൊണ്ട് ഇന്ത്യ വൈകുന്നുവെന്നും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെജ്‌രിവാൾ ട്വീറ്റ് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര വിമാനങ്ങൾ നിരോധിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഡൽഹിയെയായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡിന്റെ ആദ്യ തരംഗത്തിലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് വൈകിയെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. വിദേശ വിമാന സർവീസുകൾ അടിയന്തരമായി നിർത്തലാക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര സർക്കാരും അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്ക് കർശന മാർഗനിർദേശങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നുമെത്തുന്നവർക്ക് ഇന്ത്യൻ സർക്കാർ നിലവിൽ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന യാത്രക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും ആർ ടി പി സി ആർ നെഗറ്റീവ് റിപ്പോർട്ടും ഹാജരാക്കണം.

Advertisement
Advertisement