നാണക്കേടുകാരണം തലപൊക്കാൻ വയ്യ, വനിതാ പൊലീസുകാർക്കടക്കം ട്രാൻസ്‌ഫർ അടിച്ചു കൈയിൽകൊടുത്തു

Tuesday 30 November 2021 12:41 PM IST

കൊല്ലം: മൊബൈൽ ഫോൺ കാണാതായ സംഭവത്തിൽ കൊല്ലം പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം. ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്. വനിതാ പൊലീസുകാർ ഉൾപ്പടെയുള്ളവരും നടപടി നേരിടുന്നവരിൽ ഉണ്ടെന്നാണ് സൂചന.

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകൾ പതിവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ നിർദേശങ്ങൾ അനുസരിച്ച് നടത്തിയ റെയ‌്ഡിൽ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്.

തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ‌്ഡിൽ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്പനിയുടെ പ്രവർത്തനരഹിതമായ ഫോണാണ് നൽകിയതെന്ന് പരിശോധനാ ചുമതലയുള്ള കോടതി ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ ചാത്തന്നൂർ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവസമയത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്നവർ പോലും ട്രാൻസ്‌ഫർ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Advertisement
Advertisement