തീയേ‌റ്റർ‌ റിലീസിന് ശേഷം മരക്കാർ തീർച്ചയായും ഒടിടിയിലെത്തുമെന്ന് മോഹൻലാൽ; ആരെയും അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന സിനിമയാകില്ലെന്ന് പ്രിയദർശൻ

Tuesday 30 November 2021 7:04 PM IST

ഒടിടിയിൽ സിനിമ റിലീസ് ചെയ്യണം എന്ന് ചിന്തിക്കുക പോലും ചെയ്യാത്ത സമയത്താണ് മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതെന്ന് മോഹൻലാൽ. ഒരുപാടുപേർ ഇത്തരത്തിൽ തെ‌റ്റിദ്ധരിച്ചിരുന്നതായും വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആമസോണുമായി ചിത്രം ഒടിടി റിലീസിന് കരാറായെന്ന് പ്രചരിച്ചിരുന്നു. ആമസോണുമായി സൈൻ ചെയ്‌താൽ അവർ പിന്നെ സിനിമ തിരികെ തരില്ല. ഇതുപോലെ വലിയൊരു സിനിമ തീയേ‌റ്ററിൽ തന്നെ കാണണം എന്ന് കരുതിയാണ് രണ്ട് വർഷം കാത്തുവച്ചത്.' അദ്ദേഹം പറഞ്ഞു.

ബ്രോ ഡാഡി,12ത് മാൻ അതിന് പുറമേ മറ്റ് രണ്ട് സിനിമകളും ഒടിടിയ്‌ക്ക് വേണ്ടിയെടുത്തതാണ്. മരക്കാർ തീയേറ്റർ റിലീസിന് തീരുമാനിച്ച ശേഷമാണ് ഒടിടിയിലേക്ക് കരാറൊപ്പിട്ടത്. തീയേ‌റ്റർ റിലീസിന് ശേഷം തീർച്ചയായും ഒടിടിയിൽ സിനിമയെത്തും. അൻപത് ശതമാനം പ്രേക്ഷകർ എത്തിയാലും ബ്രേക്ക് ഇവൻ ആവാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്നതായും വിവിധ ഭാഷകളിൽ ചിത്രം മികച്ച രീതിയിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലാൽ പറഞ്ഞു.

അതേസമയം ആരെയും അപമാനിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒന്നും മരക്കാറിലില്ലെന്ന് ധൈര്യമായി തനിക്ക് പറയാനാകുമെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. 'മരക്കാർ പൂർണമായ ഒരു ചരിത്ര സിനിമയല്ല. സാധാരണക്കാർക്ക് വേണ്ടിയുള‌ള എന്റർ‌ടെയ്‌നറാണ്. ആ മനസോടെ ചിത്രം കാണണം. ചിത്രം കഴിഞ്ഞ് ഓഡിയൻസ് എങ്ങനെ സ്വീകരിക്കും എന്ന ഭയമില്ലാതെ എടുത്ത പടമാണ്. മറ്റ് സിനിമകൾക്കെല്ലാം റിലീസിന് മുൻപ് ജനങ്ങൾ സ്വീകരിക്കുമോ എന്ന ടെൻഷനുണ്ടായിരുന്നു. മരക്കാർ അത്തരമൊരു ഭയമില്ലാതെയെടുത്തതാണ്.' പ്രിയദർശൻ അഭിപ്രായപ്പെട്ടു. 2018ലാണ് ചിത്രം തുടങ്ങിയത്. അതിന് ഒരുവർഷം മുൻപ് ഇതിന്റെ വർക്കുകൾ തുടങ്ങിയിരുന്നതായും തന്റെ അഞ്ച് വർഷത്തെ പ്രയത്നം ചിത്രത്തിന് പിന്നിലുള‌ളതായും പ്രിയദർശൻ അറിയിച്ചു.