ഒമൈക്രോൺ ആശങ്ക: തലപ്പാടിയിൽ കടുപ്പിച്ച് കർണ്ണാടക

Tuesday 30 November 2021 9:46 PM IST

അടച്ച പരിശോധന കേന്ദ്രങ്ങൾ വീണ്ടും തുറന്നു

കാസർകോട്: കൊവിഡിന്റെ ഒമൈക്രോൺ വകഭേദം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ തലപ്പാടി അതിർത്തിയിൽ കർണാടക വീണ്ടും നിയന്ത്രണം കർശനമാക്കി. അതിർത്തിയിൽ കൊവിഡ് പരിശോധനാകേന്ദ്രങ്ങൾ തുറന്നു കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്നലെ രാവിലെ 11 മണി മുതലാണ് തലപ്പാടി അതിർത്തിയിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പൊലീസും ചേർന്ന് നടപടികൾ കർശനമാക്കിയത്.

. ആർ.ടി.പി.സി.ആർ റിപ്പോർട്ടില്ലാതെ വരുന്നവരെ അതിർത്തിയിലെ കേന്ദ്രത്തിൽ പരിശോധിക്കും. ഫോൺ നമ്പറും മറ്റ് വിവരങ്ങളും ശേഖരിച്ചാണ് കടത്തിവിടുന്നത്. പരിശോധനക്ക് വിസമ്മതിക്കുന്നവരെ അതിർത്തിയിൽ നിന്ന് തിരിച്ചയക്കുകയാണ്. ഞായറാഴ്ച രാവിലെ തന്നെ അതിർത്തിയിൽ പരിശോധന ആരംഭിച്ചിരുന്നുവെങ്കിലും മംഗളൂരുവിലേക്കും മറ്റും അത്യാവശ്യകാര്യങ്ങൾക്ക് പോകേണ്ടവരെ കടത്തിവിട്ടിരുന്നു. എന്നാൽ ഇന്നലെ നിയന്ത്രണം ശക്തമാക്കുകയായിരുന്നു. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ റെയിൽവെ സ്റ്റേഷനുകളിലും പരിശോധനാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഉഡുപ്പി, ബൈന്തൂർ റെയിൽവെ സ്റ്റേഷനുകളിലും പരിശോധന സജീവമാക്കി. കേരളത്തിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് ആളുകൾ വരുമെന്ന നിഗമനത്തിലാണ് ഇവിടങ്ങളിലും പരിശോധന നടത്തുന്നത്.

കാസർകോട്-മംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടരുന്നുണ്ടെങ്കിലും കർണാടക ആർ.ടി.സിയുടെ മംഗളൂരു ബസിൽ കയറുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ യാത്രക്കാരെ ബസിൽ കയറ്റാവൂ എന്ന നിർദേശം കർണാടക ആരോഗ്യവകുപ്പ് ബസ് ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.


ദുരിതം കാസർകോടിന്

അതിർത്തിയിൽ കർണ്ണാടക കർക്കശമാകുമ്പോൾ ദുരിതം ഏൽക്കേണ്ടിവരുന്നത് കാസർകോട് ജില്ലയിലുള്ളവർക്കാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് കർണ്ണാടകയെ ആശ്രയിക്കേണ്ടിവരുന്നതിനാലാണിത്. മംഗളൂരുവിൽ പോയി പച്ചക്കറിയും മറ്റും കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന നൂറുകണക്കിന് വ്യാപാരികൾ ജില്ലയിലുണ്ട്. നിത്യവും പോയിവരുന്ന ബിസിനസുകാർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സ്വകാര്യ സ്ഥാപന ജീവനക്കാർ തുടങ്ങി എല്ലാ മേഖലകളിൽ ഉള്ളവർക്കും കർണ്ണാടക നിലപാട് തിരിച്ചടിയാണ് . കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും കർണ്ണാടക അതിർത്തി തുറക്കുകയും ചെയ്തതിനാൽ കേരളത്തിലെ ആരോഗ്യവകുപ്പ് തലപ്പാടിയിൽ സ്ഥാപിച്ചിരുന്ന കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. കർണാടക നിയന്ത്രണം വീണ്ടും കടുപ്പിച്ചതോടെ അതിർത്തിയിൽ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കാസർകോട് ജില്ലാഭരണകൂടവും സ്ഥലം നോക്കിവച്ചിട്ടുണ്ട്.

Advertisement
Advertisement