'കുലംകുത്തി ' രാകി നാവരിയുന്നവർ

Wednesday 01 December 2021 12:00 AM IST

'കുലംകുത്തികൾ എന്നും കുലം കുത്തികൾ തന്നെ' എന്നൊരു പ്രയോഗം കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയത് ഒൻപത് വർഷം മുൻപൊരു മേയ് മാസത്തിലായിരുന്നു. വാക്കുകളുടെ ആ അമ്പുകൾ തൊടുത്തത് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. അതിന്റെ മുനയും മുള്ളും ചെന്നു തറച്ചത് സഖാവ് വി.എസിന്റെ നെഞ്ചിലായിരുന്നു. അതിന്റെ അലയൊലികൾ കെട്ടടങ്ങാൻ പിന്നെയും നാളുകളെടുത്തു. പരാമർശത്തിന് ഇടയാക്കിയ സാഹചര്യം ഒഞ്ചിയത്തെ സി.പി.എം സഖാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും പിന്നീട് 51 വെട്ടേറ്റുള്ള അദ്ദേഹത്തിന്റെ കൊലപാതകവുമായിരുന്നു. ടി.പിയെ ധീരനായ സഖാവെന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച വി.എസിന്റെ നെഞ്ചിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് വീണ ടി.പിയുടെ പ്രിയ പത്നി വി.ടി രമയുടെ ചിത്രം ഇന്നും മലയാളികളുടെ മനസിൽ മങ്ങാതെ കിടപ്പുണ്ട്.

അതവിടെ നില്‌ക്കട്ടെ, പറഞ്ഞു വരുന്നത് അടുത്തിടെ പത്തനംതിട്ടയിൽ നിന്ന് കേട്ട ഒരു കുലംകുത്തി പ്രയോഗത്തെക്കുറിച്ചാണ്. അത് തൊടുത്തത് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. ഉദയഭാനുവിന്റെ വാക്കുകൾക്ക് പതിവിലും മൂർച്ചയുണ്ടായിരുന്നു. എതിരാളികളെ ആക്രമിക്കുന്നതിനേക്കാൾ ശൗര്യത്തോടെ അദ്ദേഹം കുലംകുത്തി പ്രയോഗിച്ചത് പാർട്ടി പത്തനംതിട്ട ഏരിയ സമ്മേളനത്തിലാണ്.

ഏറെക്കാലമായി പത്തനംതിട്ട സി.പി.എമ്മിൽ പുകയുന്ന വിഭാഗീയതയ്‌ക്ക് തടയിടാനുള്ള മുന്നറിയിപ്പായിരുന്നു ഉദയഭാനുവിന്റെ വാക്കുകൾ.

പാർട്ടിയിൽ താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് ജനപ്രതിനിധികളായവരും, ജനപ്രതിനിധികളായ ശേഷം പാർട്ടിയിലേക്ക് വന്നവരും തമ്മിലുള്ള വൈരുദ്ധ്യാത്മകത അടുത്തുടെയായി ശക്തി പ്രാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ചൂടുള്ള ചർച്ചയുമായി. ജനപ്രതിനിധിയായ ശേഷം പാർട്ടിയിലേക്ക് എത്തിയ മന്ത്രി വീണാജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെയാണ് എതിരാളികൾ ആഞ്ഞടിച്ചത്. മന്ത്രി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു, ഫോൺ വിളിച്ചാൽ എടുക്കാറില്ല, പാർട്ടി പ്രവർത്തകരേക്കാൾ മന്ത്രിക്ക് വിശ്വാസം സി.പി.ഐക്കാരെ, മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പുരോഗതിയില്ല തുടങ്ങിയ വിമർശനങ്ങൾ വീണയ്ക്ക് നേരെ കൂരമ്പുകളായി ഉയർന്നു. അംഗങ്ങൾ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ അപ്പാടെ മാദ്ധ്യമങ്ങളിൽ വരികയും ചെയ്തു.

വീണയെ വീഴ്ത്താനുള്ള അടവ് നയങ്ങൾ പത്തനംതിട്ടയിൽ രൂപപ്പെടുന്നുവെന്ന ചിന്ത തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെ അവെയ്ലബിൾ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുണ്ടായി. അത്തരം കുത്സിത പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം ജില്ലാ സെക്രട്ടേറിയറ്റിന് ലഭിച്ചതുകൊണ്ടാകണം, വീണയ്ക്കു വേണ്ടി പ്രതിരോധം തീർക്കാൻ ജില്ലാ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയത്. പാർട്ടി അംഗങ്ങളിൽ ദൈവവിശ്വാസികൾ ഉള്ളതുകൊണ്ട് വീണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ തെറ്റില്ലെന്ന് ഉദയഭാനു മറുപടി നൽകി. പക്ഷെ, മന്ത്രിയെ വിളിച്ചാൽ ഫോണെടുക്കില്ലെന്ന അനുഭവം പല പാർട്ടി നേതാക്കൾക്കും ഉള്ളതിനാൽ അക്കാര്യത്തെപ്പറ്റി ജില്ലാ സെക്രട്ടറി നേരിട്ട് പ്രതികരിച്ചില്ലെന്നാണ് പുറത്തുവന്ന വിവരം. വീണ ജനപ്രതിനിധിയായ ശേഷം പാർട്ടിയിലേക്ക് വന്നയാളാണെന്നും പാർട്ടിയുടെ ചട്ടക്കൂടുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നും ഉദയഭാനു താത്വികമായി പറഞ്ഞൊപ്പിച്ചു.

സമ്മേളനത്തിലെ ചർച്ചകൾ മാദ്ധ്യമങ്ങളിൽ വന്നതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറി ഭാഷ കടുപ്പിച്ചത്. പാർട്ടിയിൽ കുലംകുത്തികൾ ഉണ്ടെന്നും അടുത്ത സമ്മേളനത്തിൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

വീണാജോർജിനെ വിമർശിക്കുന്നവർ പാർലമെന്ററി വ്യാമോഹമുള്ളവരാണെന്ന് ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ പറഞ്ഞതിൽ കഴമ്പുണ്ട്. 2016 ൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ നേതാക്കൾ നിരവധിയുണ്ടായിരുന്നു. അവരുടെ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് നൽകിയതുമാണ്. പലരും അടിസ്ഥാന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയപ്പോഴാണ് ഞെട്ടലുണ്ടാക്കിയ പ്രഖ്യാപനം തിരുവനന്തപുരത്ത് നിന്നുണ്ടായത്, ആറന്മുളയിൽ സ്ഥാനാർത്ഥി വീണാജോർജ് !

ജനപ്രതിനിധിയാകാൻ വീണാ ജോർജ് 2016 ൽ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്നപ്പോഴേ ജില്ലാ നേതാക്കളിൽ അതൃപ്തി ഉരുണ്ടുകൂടിയതാണ്. പിണറായി വിജയന്റെ നോമിനിയായി എത്തിയ പുതിയ സഖാവിനെ മനസില്ലാതെ അംഗീകരിക്കേണ്ടി വന്നത് പരിഹാരമില്ലാത്ത രോഗമായി അവശേഷിക്കുകയായിരുന്നു. വീണാ ജോർജ് ജയിച്ചില്ലെങ്കിൽ പത്തനംതിട്ട ജില്ലാ കമ്മറ്റി ഈ രീതിയിൽ കാണില്ലെന്ന് അന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിനെത്തിയ പിണറായി വിജയൻ നേതാക്കൾക്ക് താക്കീത് നൽകിയിരുന്നു. അതോടെ പിണങ്ങി നിന്ന നേതാക്കൾ തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ മത്സരിച്ചേക്കില്ലെന്ന പ്രതീക്ഷയോടെ സ്ഥാനാർത്ഥി മോഹികളായി നടന്നവർക്ക് തിരിച്ചടി നൽകുന്നതായിരുന്നു വീണയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയുള്ള പ്രഖ്യാപനം. ഇത്തവണ പാർട്ടിക്കാർ വേണ്ട പോലെ പ്രവർത്തിച്ചില്ലെന്നും എം.എൽ.എ എന്ന നിലയിൽ സ്വന്തം കഴിവുകൊണ്ടു കൂടിയാണ് ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കി വിജയിച്ചതെന്നും വീണയുടെ അനുകൂലികൾ പറഞ്ഞു നടന്നിട്ടുണ്ട്. വീണ വീണ്ടും ജയിച്ചപ്പോൾ ചില നേതാക്കൾ ആഘോഷത്തിനിറങ്ങാതെ കതകടച്ച് വീട്ടിലിരുന്നുവെന്ന പരിഹാസം ഏരിയ സമ്മേളനത്തിൽ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിലുണ്ടായി. ഏരിയ സമ്മേളനത്തിലെ ബാക്കിപത്രം പത്തനംതിട്ടയിൽ വീണാ ജോർജിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വൈരുദ്ധ്യാത്മകതയ്ക്ക് മൂർച്ചയേറിയതാണ്. അത് ഇനിയുള്ള നാളുകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണേണ്ടിവരും.

Advertisement
Advertisement