കർത്താർപൂർ ഗുരുദ്വാരയിൽശിരോവസ്ത്രമില്ലാതെ ഫോട്ടോഷൂട്ട്, മാപ്പ് പറഞ്ഞ് പാക് മോഡൽ

Tuesday 30 November 2021 11:53 PM IST

ഇസ്ളാമാബാദ്: കർത്താപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാരയിൽ ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോ ഷൂട്ട് നടത്തിയ പാകിസ്ഥാനി മോഡൽ സൗലേഹയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം. സിക്ക് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അവർ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.

വസ്ത്രബ്രാൻഡായ മന്നത് ക്ലോത്തിംഗിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സൗലേഹ ചിത്രങ്ങൾ പങ്കുവച്ചത്. ശിരോവസ്ത്രം ധരിക്കാതെ ഗുരുദ്വാരയിൽ പ്രവേശിച്ചത് അനുചിതമായെന്ന് ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ വക്താവ് മഞ്ജീന്ദർ സിംഗ് സിർസാ ഉൾപ്പെടെ വിമർശനവുമായെത്തി.

'ശ്രീ ഗുരു നാനാക് ദേവന്റെ പുണ്യസ്ഥലത്ത് ഇത്തരമൊരു പ്രവർത്തി സ്വീകാര്യമല്ല. പാകിസ്ഥാനിലെ മത കേന്ദ്രങ്ങളിൽ ഇതേകാര്യം ചെയ്യാൻ അവർക്ക് കഴിയുമോ? കർത്താപൂർ സാഹിബ്, പിക്‌നിക് സ്‌പോട്ട് ആക്കിമാറ്റുന്ന പാക്ജനതയുടെ പ്രവണതയ്‌ക്കെതിരെ പാക് സർക്കാർ കർശന നടപടിയെടുക്കണം' മഞ്ജീന്ദർ സിംഗ് കുറിച്ചു.

പിന്നാലെ വിഷയത്തിൽ ക്ഷമാപണവുമായി സലേഹ രംഗത്തെത്തി. കർത്താർപൂർ സാഹിബ് സന്ദർശിച്ചതിന്റെ ഓർമയ്ക്കായാണ് ചിത്രങ്ങൾ പകർത്തിയതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്നും സൗലേഹ പറഞ്ഞു.

' ഞാൻ പങ്കുവച്ച ചിത്രം ഏതെങ്കിലും ഫോട്ടോഷൂട്ടിൽ നിന്നുള്ളതല്ല. സിക്ക് സമുദായത്തിന്റെ ചരിത്രത്തെക്കുറിച്ചും മറ്റുമറിയാൻ കർത്താർപൂരിൽ പോയതായിരുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ചെയ്തതല്ല. എന്നിരുന്നാലും ആരെയെങ്കിലും വേദനിപ്പിക്കുകയോ അല്ലെങ്കിൽ അവരുടെ സംസ്‌കാരത്തെ ഞാൻ ബഹുമാനിച്ചില്ലെന്നോ കരുതുന്നുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു.' സൗലേഹ കുറിച്ചു.

സിക്ക് സംസ്‌കാരത്തെയും മതത്തെയും വളരെയേറെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭാവിയിൽ കൂടുതൽ ജാഗ്രതയോടെയേ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യൂ എന്നും സൗലേഹ പറഞ്ഞു.