ആശങ്കയുയർത്തി ഒമിക്രോൺ; ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ ആറുപേർക്ക് കൊവിഡ് പോസിറ്റീവ്

Wednesday 01 December 2021 10:32 AM IST

മുംബയ്: ഒമിക്രോൺ വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കുറച്ച് പേർക്ക് നേരിയ രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ മറ്റ് ചിലർ ലക്ഷണങ്ങൾ ഇല്ലാത്തവരുമാണെന്ന് അധികൃതർ അറിയിച്ചു. എല്ലാവരുടെയും സ്രവ സാമ്പിളുകൾ ജനിതക പരിശോധനക്കായി അയച്ചു.

യാത്രക്കാരായ ആറുപേരിൽ രണ്ട് പേർ നൈജീരിയയിൽ നിന്നെത്തിയവരാണ്. മുംബയ് നഗരസഭ, കല്യാൺ ദൊമ്പിവാലി നഗരസഭ, മീര ബയന്തർ നഗരസഭ, പൂനെ എന്നിവിടങ്ങളിൽ ഉൾപ്പെടുന്നവരാണ് ഇവർ . ഇവരുടെ സമ്പർക്കങ്ങൾ പരിശോധിക്കുകയാണ്.

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിലും ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അർദ്ധരാത്രി മുതൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പുതുക്കിയ മാർ‌ഗനിർദേശങ്ങൾ നിലവിൽ വന്നിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാർക്കായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇന്നലെ അർദ്ധരാത്രി പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന ആരോഗ്യ വിദഗ്ദ്ധരുടെയും വിമാനത്താവളം, തുറമുഖം ഹെൽത്ത് ഓഫീസർമാരുടെയും ലാൻഡ് ബോർഡർ ക്രോസിംഗ് ഓഫീസർമാരുടെയും യോഗം ഉടൻ ചേരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

അന്താരാഷ്ട്ര വിമാനയാത്രക്കാർ കണക്‌ഷൻ ഫ്ലൈറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുത്.

ഐ.സി.യു, ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം.

ഓക്സിജൻ സിലിണ്ടറുകൾ, മരുന്ന് വിതരണം ശക്തമാക്കണം.

വീടുകളിൽ എത്തി വാക്സിൻ നൽകുന്നതുൾപ്പെടയുള്ള നടപടികൾ വേഗത്തിലാക്കണം. അടുത്ത 31ഓടെ ഒരു ഡോസ് വാക്സിനെങ്കിലും എല്ലാവർക്കും ലഭ്യമായെന്ന് ഉറപ്പാക്കണം.

പ്രതിദിന നിരീക്ഷണം ശക്തിപ്പെടുത്തണം എന്നിവയാണ് മാർഗ നിർദ്ദേശങ്ങളിൽ പ്രധാനം.