ആലുവയിൽ 55കാരനായ കാമുകനെ മയക്കിക്കിടത്തി കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി,  ഫ്രിഡ്ജും ടിവിയുമടക്കം എല്ലാം കൊണ്ടുപോയി

Wednesday 01 December 2021 10:43 AM IST

ആലുവ: 55 കാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടലേക്ക് മുങ്ങി. ബിനാനിപുരം പൊലീസ് ഇടപെട്ടതിനെത്തുടർന്ന് കാമുകന് വീട്ടുപകരണങ്ങൾ തിരികെ ലഭിച്ചു. ഇടുക്കി സ്വദേശിയായ 55 കാരൻ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മദ്ധ്യവയസ്‌കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവർ ഭർത്താവുമായി അകന്ന് കഴിയുകയാണ്. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്ന കാമുകൻ ഉണർന്നത് അടുത്തദിവസം 11 മണയോടെയാണ്. ആ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മുറികളിൽ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്.

തുടർന്ന് ബിനാനിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകിയെ സ്വന്തം വീട്ടിൽനിന്ന് കണ്ടെത്തി. സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടർന്ന് വീട്ടുപകരണങ്ങൾ കൈമാറിയെങ്കിലും പണം നൽകിയിട്ടില്ല. പരാതി നൽകിയെങ്കിലും പിന്നീട് പിന്മാറിയതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.