കൊട്ടിയൂർ പീഡനക്കേസ്; റോബിൻ വടക്കുംചേരിക്ക് ശിക്ഷ ഇളവ്, പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ കുറ്റവാളി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ പത്ത് വർഷവും ഒരു ലക്ഷം രൂപയുമായി കുറച്ചു. ഇരുപത് വർഷം തടവാണ് പത്ത് വർഷമായി കുറച്ചത്. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ, കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കുറ്റം ചുമത്താൻ ശ്രമമുണ്ടായി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോബിനെ ശിക്ഷിച്ചത്