ജോലി സ്ഥലത്തേക്ക് പോകവെ വാഹനാപകടം; ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം

Wednesday 01 December 2021 11:37 AM IST

കോട്ടയം: ജോലിസ്ഥലത്തേക്ക് പോകും വഴി പിന്നാലെയെത്തിയ ലോറിക്കടിയിൽപെട്ട് സ്‌കൂട്ടർയാത്രക്കാരിക്ക് ദാരുണാന്ത്യം. പൊൻകുന്നം കൂവപൊയ്‌ക മാക്കൽ സന്തോഷിന്റെ ഭാര്യ അമ്പിളി(43)യ്‌ക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്‌റ്റാണ് അമ്പിളി. ഇന്ന് രാവിലെ എട്ടുമണിക്ക് ആശുപത്രിയിലേക്ക് തിരിയുന്ന കെ.വി.എം.എസ് റോഡിലേക്ക് പ്രധാനവഴിയിൽ നിന്നും തിരിയാൻ ശ്രമിക്കവെ അമ്പിളിയുടെ വാഹനത്തിൽ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ അമ്പിളിയുടെ ശരീരത്തിൽ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സ്‌കൂട്ടർ മുൻചക്രത്തിനിടെ കുരുങ്ങി. അമ്പിളി ജോലി നോക്കുന്ന ആശുപത്രിയുടെ 150 മീ‌റ്റർ അകലെയായിരുന്നു അപകടം.