കർഷക സമരത്തിൽ ആരൊക്കെ മരണപ്പെട്ടു എന്ന് അറിയില്ല, രേഖകൾ ഇല്ലാത്തതിനാൽ ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ

Wednesday 01 December 2021 12:28 PM IST

ന്യൂഡൽഹി : കർഷക പ്രതിഷേധങ്ങളെ തുടർന്ന് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ, ഇരു സഭകളിലും ചർച്ചകൾ കൂടാതെയാണ് പിൻവലിച്ചത്. എന്നാൽ ഈ നിയമങ്ങൾക്കെതിരെ ഒരു വർഷമായി ഡൽഹി അതിർത്തികളിൽ ക്യാമ്പ് ചെയ്ത് സമരം നടത്തുന്ന കർഷകരുടെ മറ്റ് ആവശ്യങ്ങൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ല. സമരത്തിനിടെ വിവിധ കാരണങ്ങളാൽ മരണപ്പെട്ട 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നാണ് സമരമുന്നണി പ്രധാനമായും ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ കർഷകരുടെ മരണത്തിന് സർക്കാരിന്റെ പക്കൽ രേഖകളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിനെ അറിയിച്ചു.

ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രം ധനസഹായം നൽകുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് രേഖാമൂലമാണ് കേന്ദ്രമന്ത്രി തോമർ മറുപടി നൽകിയത്.
കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇക്കാര്യത്തിൽ ഒരു രേഖയുമില്ലെന്നും അതിനാൽ നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 നവംബർ മുതൽ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ വിവാദമായ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ 700ലധികം കർഷകർ കൊല്ലപ്പെട്ടുവെന്നാണ് കർഷക നേതാക്കൾ പറയുന്നത്. കാലാവസ്ഥ, വൃത്തിഹീനമായ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന അസുഖം, ആത്മഹത്യ എന്നിവയാണ് പ്രധാനമായും മരണങ്ങൾക്ക് കാരണം.

അതേസമയം പ്രധാന ആവശ്യമായ വിവാദ നിയമങ്ങൾ സർക്കാർ പിൻവലിച്ചെങ്കിലും സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കർഷകർക്ക് നേരെ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Advertisement
Advertisement