'തല' മാറ്റാനൊരുങ്ങി തല; ആരാധകരെ ഞെട്ടിച്ച് അജിത്തിന്റെ അഭ്യർത്ഥന, വൈറലാകുന്ന ട്വീറ്റിൽ കണ്ണീർവാർത്ത് തമിഴകം

Wednesday 01 December 2021 4:37 PM IST

തമിഴകത്തിന്റെ സൂപ്പർതാരവും ആരാധകരുടെ 'തല'യുമായ അജിത്തിന്റെ പുതിയ അഭ്യ‌ർത്ഥന ഏറെ ച‌ർച്ചയാകുന്നു. തലൈവർ രജനികാന്ത്, ഇളയദളപതി വിജയ്, നടിപ്പിൻ നായകൻ സൂര്യ, എന്നിവർക്കൊപ്പമാണ് തല അജിത്തിന്റെയും പേര് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ തലയെന്ന അഭിസംബോധന ഇനി വേണ്ടെന്ന നിലപാടിലാണ് താരമിപ്പോൾ. സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടില്ലാത്ത താരത്തിന്റെ പബ്ളിസിസ്റ്റായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ അജിത്തെന്നോ, അജിത്ത് കുമാർ എന്നോ, എകെ എന്നോ വിളിക്കണമെന്നാണ് താരം ആരാധകരോടും മാദ്ധ്യമങ്ങളോടുമായി അഭ്യർത്ഥിച്ചിരിക്കുന്നത്.

എ ആർ മുരുകദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദീന എന്ന ചിത്രത്തിന്റെ വമ്പൻ വിജയമാണ് അജിത്തിന് തലയെന്ന പേര് നൽകിയത്. ചിത്രത്തിൽ തലയെന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. നടൻ എന്നതിന് പുറമെയുള്ള താരത്തിന്റെ വ്യക്തിത്വവും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാലിപ്പോൾ താരത്തിന്റെ അഭ്യർത്ഥ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നുണ്ടാകുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 2022 പൊങ്കലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിൽ ഹുമാ ഖുറേഷി, കാർത്തികേയ ഗുമ്മാകൊണ്ട, യോഗി ബാബുരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.