ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നാളെ തിയേറ്ററുകളിലെത്തുമ്പോൾ പ്രിയദർശൻ ഗുരുവായൂരിൽ, കണ്ണന് സമർപ്പിച്ചത് അപൂർവ വഴിപാട്
സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ നിർവൃതിയിലാണ് സംവിധായകൻ പ്രിയദർശൻ. അദ്ദേഹത്തിന്റെ മാസ്ററർ ക്രാഫ്ട് മരക്കാർ തിയേറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. എന്നാൽ രണ്ടരവർഷക്കാലത്തെ അദ്ധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഭാരം ഇറക്കിവച്ച് പ്രിയദർശൻ ഗുരുപവനപുരിയിലാണിപ്പോൾ. കണ്ണന് മുന്നിൽ ഒരു പ്രത്യേക വഴിപാടുമായാണ് അദ്ദേഹം എത്തിയത്.
ഗുരുവായൂരിലെ പ്രധാന വഴിപാടായ കൃഷ്ണാട്ടത്തിന് വേണ്ട ഉടയാടകളും, ആഭരണങ്ങളും, മറ്റുകോപ്പുകളും പുതുക്കി പണിയുന്നതിനും, കേടായവ ഉപയോഗയോഗ്യമാക്കി മാറ്റുന്നതിനും രണ്ട് ലക്ഷം രൂപ പ്രിയദർശൻ വഴിപാടായി ക്ഷേത്രത്തിൽ അടച്ചു. ദേവസ്വം ഓഫീസിൽ നേരിട്ടെത്തി പ്രിയദർശൻ തന്നെയാണ് ചെക്ക് കൈമാറിയത്.
ഇന്ന് രാത്രി 12.01നാണ് മരക്കാർ തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ മാത്രം 625 തിയേറ്ററുകളിൽ ചിത്രം റിലീസിനെത്തും.