യു പി എയോ, എന്താ അത്?​ അങ്ങനെ ഒരു സഖ്യം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഇല്ലെന്ന് മമത ബാനർജി

Wednesday 01 December 2021 9:08 PM IST

ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ യു പി എയും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും ട്രോളി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് വൈകുന്നേരം എൻ സി പി അദ്ധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം തന്നെ കാത്തു നിന്ന മാദ്ധ്യമപ്രവ‌ർത്തകരോട് സംസാരിക്കുകയായിരുന്നു മമത. യു പി എ എന്താണെന്ന് തനിക്കറിയില്ലെന്നും നിലവിൽ അങ്ങനെ ഒരു സഖ്യം ദേശീയ രാഷ്ട്രീയത്തിൽ ഇല്ലെന്നും മമത പറഞ്ഞു.

മമതയുടെ പ്രസ്താവന പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഉയർന്നു വരുന്ന അസ്വാരസ്യങ്ങളുടെ തെളിവായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്. അടുത്ത ലോക്‌സഭാ ഇലക്ഷനിൽ പ്രതിപക്ഷ പാ‌ർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് മമതയെന്ന് കഴിഞ്ഞ ദിവസം ബി ജെ പി ആരോപണം ഉന്നയിച്ചിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായി വിവിധ പ്രതിപക്ഷ നേതാക്കന്മാരെ കാണാൻ വേണ്ടിയാണ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ന്യൂഡൽഹി സന്ദർശനത്തിന് മമത തുനിഞ്ഞതെന്നും ബി ജെ പിയുടെ ബംഗാൾ അദ്ധ്യക്ഷൻ സുകന്ദാ മജുംദാർ പറഞ്ഞിരുന്നു.