കൊവിഡ് ബാധിതരെ ആരോഗ്യവകുപ്പും കൈവിടുന്നു : ടെസ്റ്റ് റിപ്പോർട്ടിന് കാക്കണം നാല് ദിവസം

Wednesday 01 December 2021 9:19 PM IST

കാസർകോട്: ഒമിക്രോണിൽ ആശങ്ക പടരുമ്പോൾ കൊവിഡ് ബാധിതരുടെ കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന ജാഗ്രത കൈവിട്ട് ആരോഗ്യവകുപ്പ് .വ്യാപനത്തിന്റെ തോത് കുറഞ്ഞതിനെ തുടർന്ന് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ അടച്ചുപൂട്ടിയ ആരോഗ്യവകുപ്പ് .കാസർകോട് മെഡിക്കൽ കോളേജിലുണ്ടായിരുന്ന ചികിത്സാസംവിധാനവും നിർത്തലാക്കി. ചട്ടഞ്ചാൽ ടാറ്റ ഗ്രൂപ്പിന്റെ കൊവിഡ് ആശുപത്രിയിൽ മാത്രമാണ് നിലയിൽ ചികിത്സ നൽകുന്നത്.

കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടു. ഒമിക്രോൺ വകഭേദത്തിനുള്ള മുൻകരുതലെന്ന നിലയിൽ തലപ്പാടിയിൽ പരിശോധന കേന്ദ്രം തുറക്കുന്നതിന് പരക്കം പായുകയാണ് അധികൃതർ.കൺട്രോൾ സെല്ലിൽ നിന്നും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുമുള്ള ഫോൺകാളുകളിൽ ഒതുങ്ങുകയാണ് ഇപ്പോൾ കൊവിഡ് രോഗികൾക്കായുള്ള സംവിധാനം. ആശ വർക്കർമാർക്ക് പോലും ഇപ്പോൾ അന്വേഷണ ചുമതലയില്ലെന്നാണ് പറയുന്നത്.

.അതിർത്തി കടക്കാൻ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണ്ണാടക സർക്കാർ നിർബന്ധമാക്കിയിട്ടും കാസർകോട് ജില്ലയിൽ നിന്നുള്ള കൊവിഡ് പരിശോധനഫലം ലഭിക്കുന്നതിന് നാല് ദിവസം കാത്തിരിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പെരിയയിലെ കേന്ദ്ര സർവ്വകലാശാല ലാബിൽ നിന്നാണ് നിലവിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നത്. സ്രവം എടുത്ത് അയച്ചു കഴിഞ്ഞാൽ മൂന്നും നാലും ദിവസം കഴിഞ്ഞാണ് റിപ്പോർട്ട് ലഭിക്കുന്നത്.ലാബിൽ ഉണ്ടായിരുന്ന മെഡിക്കൽ ജീവനക്കാരെ മുഴുവൻ സർക്കാർ ഉത്തരവിലൂടെ നേരത്തെ പിൻവലിച്ചിരുന്നു.

സംവിധാനങ്ങളൊരുക്കിയിട്ടും വന്നില്ല വൈറോളജി ലാബ്

കേന്ദ്ര സർവ്വകലാശാലയിൽ വൈറോളജി ലാബ് തുടങ്ങുന്നതിന് എല്ലാ സംവിധാനം ഒരുക്കിയിട്ടും പരിശോധന തുടങ്ങുന്നതിന് നടപടിയായില്ല. ആയിരത്തിലധികം സാമ്പിളുകൾ പരിശോധന കാത്ത് ഈ ലാബിൽ കിടക്കുകയാണ്. 27 ന് രാവിലെ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നും എടുത്ത സ്രവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചത് 30 ന് വൈകുന്നേരമാണ്. കർണ്ണാടകയിലേക്ക് പോകാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർബന്ധം പിടിക്കുന്നത്. ജില്ലയിലെ സർക്കാർ മേഖലയിലെ ടെസ്റ്റ് റിപ്പോർട്ട് കിട്ടിയിട്ട് ആർക്കും അതിർത്തി കടക്കാൻ കഴിയാത്തതിനാൽ ആളുകൾ സ്വകാര്യ ലാബുകളിലേക്ക് തള്ളിക്കയറുകയാണ്. 500 രൂപ കൊടുത്തു സ്വകാര്യ ലാബിൽ നിന്ന് ടെസ്റ്റ് ചെയ്താൽ ആറു മണിക്കൂർ കൊണ്ട് റിപ്പോർട്ട് ലഭിക്കുക്കുന്നുണ്ട്.

ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു പരിശോധനക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി എത്തിയ ഏതാനും പേർക്ക് ലാബിൽ പരിശീലനം നൽകിവരികയാണ്.

(കേന്ദ്ര സർവ്വകലാശാല അധികൃതർ)

Advertisement
Advertisement