പെട്രോളും ഡീസലും ജി.എസ്.ടിയിൽ പറ്റില്ലെന്ന് കൗൺസിൽ

Thursday 02 December 2021 12:35 AM IST

കൊച്ചി: കൊവിഡും സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്ത് പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് ജി.എസ്.ടി കൗൺസിൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഈ മറുപടി തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിശദമായ സ്റ്റേറ്റ്മെന്റ് നൽകാൻ നിർദ്ദേശിച്ചു.

പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ഇന്ധന വില വർദ്ധന തടയാൻ പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഇത് സാദ്ധ്യമല്ലെന്ന ജി.എസ്.ടി കൗൺസിൽ ഡയറക്ടറുടെ കത്ത് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ഈ വിഷയം 45 -ാമത് കൗൺസിൽ യോഗം പരിഗണിച്ചിരുന്നു. വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും വിശദമായ കൂടിയാലോചന വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കൊവിഡ് സാഹചര്യത്തിൽ ഇവ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ടുകളും ചർച്ചയായി. തുടർന്ന് ഇവ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചെന്നും കത്തിൽ പറയുന്നു.

എന്നാൽ ഇവ ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതിന് ന്യായമായ കാരണങ്ങളും ചർച്ചയും വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊവിഡ് കാരണമായി പറയാനാവില്ല. കൊവിഡ് രൂക്ഷമായപ്പോൾ പോലും സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ വിശദമായ കൂടിയാലോചനകൾക്കു ശേഷം തീരുമാനങ്ങൾ എടുത്തിരുന്നു. അതിനാൽ ഇക്കാര്യത്തിൽ വിശദമായ സ്റ്റേറ്റ്മെന്റ് നൽകണമെന്നും സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അഭിഭാഷകന് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഹർജി ഡിസംബർ രണ്ടാം വാരം വീണ്ടും പരിഗണിക്കും.