വിദേശ വിമാന സർവീസുകൾ ഉടനെയില്ല

Thursday 02 December 2021 12:28 AM IST

ന്യൂഡൽഹി: രാജ്യാന്തര വിമാനസർവീസുകൾ ഉടനെയില്ലെന്നും ഈ മാസം 15 മുതൽ സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

അന്താരാഷ്ട്ര സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയശേഷം രാജ്യാന്തര സർവീസ് എന്ന് തുടങ്ങാനാകുമെന്ന് പിന്നീട് അറിയിക്കുമെന്ന് വ്യോമയാന ഡയറക്ടർ ജനറൽ പറഞ്ഞു.

രാജ്യത്തെ കൊവിഡ് സാഹചര്യം നിയന്ത്രണത്തിലായതിനെ തുടർന്ന് കഴിഞ്ഞ 26 നാണ് രാജ്യാന്തര വിമാന സർവീസ് ഡിസം.15 മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 20 മാസങ്ങളായി സർവീസ് നിറുത്തിവച്ചിരിക്കുകയാണ്.

നിലവിൽ നടത്തുന്ന എയർ ബബ്ൾ സർവീസ് തുടരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നറിയുന്നു. നിലവിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന 12 ലധികം രാജ്യങ്ങളിലെ യാത്രക്കാർക്ക് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ചൊവ്വാഴ്ച കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Advertisement
Advertisement