കോൺഗ്രസ് പോര്: ഉറച്ച് നേതൃത്വം

Thursday 02 December 2021 12:55 AM IST

തിരുവനന്തപുരം: യു.ഡി.എഫ് യോഗ ബഹിഷ്കരണത്തിലൂടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങി സമ്മർദ്ദ തന്ത്രം കടുപ്പിച്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഗൗനിക്കാതെ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, പുന:സംഘടനയടക്കമുള്ള വിഷയങ്ങളിൽ ഇരുവരുമായും ചർച്ചകളും കൂടിയാലോചനകളും നടത്തും.

അതേസമയം, കോൺഗ്രസിലെ പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിൽ ഘടകകക്ഷികൾക്കുള്ള അതൃപ്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസിലെ പരസ്യപ്പോര് മുന്നണിയെ ദുർബലമാക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി നേതാക്കളോട് പറഞ്ഞത്. കോൺഗ്രസ് നേതൃത്വം അടിയന്തരമായി തർക്ക പരിഹാരമുണ്ടാക്കിയില്ലെങ്കിൽ അത് ഘടകകക്ഷികളുടെയും ആത്മവീര്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കമാൻഡിന്റെ പൂർണ പിന്തുണ ഉറപ്പാക്കി നീങ്ങാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, ഔദ്യോഗിക തലത്തിൽ പരാതി നൽകി നേതാക്കളുടെ ബഹിഷ്കരണത്തെ പർവ്വതീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും. പരാതി നൽകേണ്ട ഗൗരവമായ സാഹചര്യമൊന്നുമില്ലെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് ഇതിന്റെ ഭാഗമായാണ്.

Advertisement
Advertisement