ബാലികയെ പീഡിപ്പിച്ച ബന്ധുവിന് 46 വർഷം കഠിന തടവ്, 1.5 ലക്ഷം പിഴ
ചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നെല്ലായി ഏഴുവന്തല കാട്ടിരിക്കുന്നത്ത് വീട്ടിൽ ആനന്ദനെയാണ് (47) പോക്സോ കേസുകൾക്കു വേണ്ടിയുള്ള പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് സതീഷ്കുമാർ ശിക്ഷിച്ചത്. പിഴ ശിക്ഷയായ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. പിഴ അടച്ചില്ലെങ്കിൽ ഓരോ കേസിനും അമ്പതിനായിരം രൂപ കണക്കാക്കി മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. അങ്ങിനെയെങ്കിൽ 49 വർഷം തടവ് അനുഭവിക്കേണ്ടിവരും. 2018 ൽ ചെർപ്പുളശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ് അന്വേഷിച്ചത്. പ്രൊസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി. വീട്ടിൽ അതിക്രമിച്ചു കയറൽ, പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ. പ്രോസീക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ആനന്ദൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്റെ ബന്ധുവാണിയാൾ. കുട്ടി താമസിച്ചിരുന്ന വീടിനടുത്താണ് വർഷങ്ങളായി ഇയാളും താമസിച്ചിരുന്നത്. കുട്ടിയുടെ വീട് സന്ദർശിക്കുന്നത് പതിവായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പാക്കിയാണ് കുട്ടിയെ ഉപദ്രവിച്ചത്. വൈകിട്ട് വീട്ടിലെത്തിയ അമ്മ മുറിയിൽ പേടിച്ചിരിക്കുന്ന കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.