ഒമിക്രോൺ യു എസിലും; ഇതുവരെ സ്ഥിരീകരിച്ചത് 23 രാജ്യങ്ങളിൽ

Thursday 02 December 2021 8:33 AM IST

വാഷിംഗ്ടൺ: അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കാലിഫോർണിയയിലേക്ക് തിരിച്ചെത്തിയ ആളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നവംബർ 22 നാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് കാലിഫോർണിയയിൽ എത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ വ്യക്തിയ്ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും,ക്വാറന്റീനിലാണെന്നും അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യാത്രാ വിലക്ക് ഉൾപ്പടെയുള്ള കർശന നടപടികളിലേക്ക് ബൈഡൻ ഭരണകൂടം കടന്നിരുന്നു.

ഇതുവരെ ഇരുപത്തിമൂന്ന് രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു എ ഇയിലെ ഒരു സ്ത്രീയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തിയതെന്ന് യു എ ഇ ആരോഗ്യ,​ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.