ദേശീയഗാനം ആദ്യം ഇരുന്ന് ആലപിച്ചു, ശേഷം എണീറ്റു, പിന്നീട് പകുതിക്ക് നിറുത്തി; മമത ബാനർജിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി

Thursday 02 December 2021 10:06 AM IST

ന്യൂഡൽഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ബുധനാഴ്‌ച മുംബയിൽ വാർത്താസമ്മേളനത്തിനിടെയാണ് ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചതും പെട്ടെന്ന് എഴുന്നേറ്റതും. എന്നാൽ, ദേശീയഗാനം പൂർത്തിയാക്കാതെ ഇടയ്‌ക്ക് വച്ച് നിറുത്തുകയായിരുന്നു മമത. ഇത് തൃണമൂൽ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം.

'മമത ബാനർജി ആദ്യം ഇരിക്കുകയായിരുന്നു, പിന്നെ എഴുന്നേറ്റു നിന്നു, ഇന്ത്യയുടെ ദേശീയ ഗാനം പാതിവഴിയിൽ ആലപിക്കുന്നത് നിർത്തി. ഇന്ന്, ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ, ബംഗാളിന്റെ സംസ്‌കാരത്തെയും ദേശീയ ഗാനത്തെയും രാജ്യത്തെയും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെയും അവർ അപമാനിച്ചിരിക്കുന്നു! " പശ്ചിമ ബംഗാൾ ബിജെപി ഘടകം ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ പ്രതിപക്ഷമാകാൻ ഒരുങ്ങുന്നവർക്ക് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ? എന്ന തരത്തിലുള്ള കമന്റുകളും പിന്നാലെ വന്നു.

'നമ്മുടെ ദേശീയ ഗാനം നമ്മുടെ ദേശീയ സ്വത്വത്തിന്റെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ്. അധികാര കസേരകളിൽ ഇരിക്കുന്ന ആളുകൾ കുറഞ്ഞ പക്ഷം അതിനെ ഇകഴ്ത്താതിരിക്കണം. ബംഗാൾ മുഖ്യമന്ത്രി പാടിയ നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പ് ഇതാ. ഇന്ത്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ?' എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തത്.

ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്റ് ഡോ.സുകാന്ത മജുംദാറിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു, 'ബംഗാൾ മുഖ്യമന്ത്രി മുംബയിലെ ഒരു സമ്മേളനത്തിൽ ദേശീയ ഗാനത്തെ അപമാനിക്കുന്നു. അവൾക്ക് ദേശീയഗാനത്തിന്റെ ശരിയായ മര്യാദകൾ അറിയില്ലേ, അതോ അറിഞ്ഞുകൊണ്ട് അപമാനിക്കുകയാണോ?

അതേസമയം, ഇരുന്ന് കൊണ്ട് ദേശീയഗാനം ചൊല്ലിയതിനും തുടർന്ന് 45 വാക്യങ്ങൾ കഴിഞ്ഞ് പെട്ടെന്ന് നിർത്തിയതിനും മമതയ്‌ക്കെതിരെ മുംബയിലെ ഒരു ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement
Advertisement