മരണമില്ലാത്ത മരക്കാർ, മൂവി റിവ്യൂ

Thursday 02 December 2021 12:56 PM IST

പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം മരക്കാറിന് വേണ്ടിയുള്ള കാത്തിരിപ്പ് പതിവിലും ദൈർഘ്യമേറിയതായിരുന്നു. കൊവിഡ് കാരണം രണ്ട് വട്ടം റിലീസ് മാറ്റിവെക്കേണ്ടി വന്നു. അതായത് ഏകദേശം രണ്ട് വർഷത്തോളം അധികമായി വേണ്ടി വന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ. അതിനിടക്ക് ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം പ്രതീക്ഷകൾ കൂട്ടിയതേ ഉള്ളൂ. കൊവിഡ് അല്പം ഒന്ന് ശമിച്ചപ്പോൾ തീയേറ്ററുകാരുമായി ധാരണയിൽ എത്താൻ പറ്റാത്തതായി പ്രശ്നം. ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് തീയേറ്ററിലേക്കെത്തിയത്.

കഥകളിലൂടെയും നാടകങ്ങളിലൂടെയും മറ്റും നാടിന് വേണ്ടി വീരമൃത്യു വരിച്ച കുഞ്ഞാലി മരക്കാർമാരെ കുറിച്ച് ഒട്ടുമിക്ക പേരും കേട്ടിട്ടുണ്ട്. അതിൽ കുഞ്ഞാലി മരക്കാർ നാലാമനെ കുറിച്ചാണ് പ്രിയദർശൻ ചിത്രം പറയുന്നത്. മരക്കാർ നാലാമന്റെ ചെറുപ്പകാലത്തെ സന്ദർഭങ്ങൾ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. എന്നും സാമൂതിരിക്കുവേണ്ടി പോരിനിറങ്ങിയ മരക്കാർ കുടുംബത്തിലെ ഇളമുറക്കാരൻ എങ്ങനെ അധികാരികളുടെ കണ്ണിൽ കൊള്ളക്കാരൻ ആയി എന്ന് നമ്മളറിയുന്നു. ഈ ഭാഗങ്ങളിൽ കുഞ്ഞാലിയായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ്. പറങ്കികളുടെയും നാടുവാഴികളുടെയും കണ്ണിൽ കരടായിരുന്ന കുഞ്ഞാലി പാവപ്പെട്ടവർക്കു ദൈവമായിരുന്നു. വർഷങ്ങൾ ഒരുപാട് കുഞ്ഞാലിയുടെ തലയ്ക്കു വില പറഞ്ഞിട്ടും അയാളുടെ രോമത്തിൽ തൊടാൻ പോലും അധികാരികൾക്ക് കഴിഞ്ഞില്ല. ഒടുവിൽ പോർച്ചുഗീസുകാർ ഭീഷണി ആയപ്പോൾ അവരെ നേരിടാൻ കടലിൽ ഇന്ദ്രജാലം തീർക്കുന്ന കുഞ്ഞാലിയുടെ സഹായം തേടാൻ സാമൂതിരി നിർബന്ധിതനാകുന്നു. ഒരു കൊള്ളക്കാരനോട് സന്ധി ചേരാൻ നാടുവാഴികൾ തയ്യാറായിരുന്നില്ല. വേണ്ട ആദരവ് കൊടുത്താൽ സാമൂതിരിക്കായി പട നയിക്കാൻ തയ്യാർ എന്ന് കുഞ്ഞാലി പറഞ്ഞപ്പോൾ തിരുമനസ്സിന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. സൈന്യത്തിന്റെ വലുപ്പം വെച്ചും ആയുധം വെച്ചും ശക്തി കൂടുതലുള്ള ശത്രുവിനെതിരെ കുഞ്ഞാലി പടനയിക്കുന്നു. മലയാള സിനിമയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു കടൽ യുദ്ധമാണ് ആദ്യ പകുതിയുടെ അവസാനം. മെല്ലെയുള്ള കഥപറച്ചിലും രസം കൊല്ലിയായ എഡിറ്റിംഗും അത്രയും നേരം പ്രേക്ഷകരെ മുഷിപ്പിക്കുമെങ്കിലും യുദ്ധരംഗങ്ങൾ മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച വിഎഫ്എക്സ് വർക്കുകളിൽ ഒന്നാണ് ഈ സീനുകളിൽ കാണാൻ കഴിഞ്ഞത്.

പോർച്ചുഗീസും നാടുവാഴികളുമാണ് കുഞ്ഞാലിയുടെ പ്രധാന പ്രശ്നങ്ങൾ എന്ന് കാണിക്കുന്ന ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായ പോക്കാണ് രണ്ടാം പകുതി. പുതിയ വിഷമസന്ധി കുഞ്ഞാലിയുടെയും അയാൾക്കൊപ്പം ഉള്ളവരുടെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നും പിന്നെയുള്ള പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ബാക്കിപത്രം.

മികച്ച ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ അത്ര മാത്രം മികവ് ഈ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടോ എന്ന് പ്രേക്ഷകൻ ചോദിച്ചാൽ അതിൽ അതിശയോക്തിയില്ല. ശരാശരിയിൽ ഒതുങ്ങിയ തിരക്കഥയും എഡിറ്റിങ്ങും പ്രധാന പോരായ്മകളാണ്. ഒരു സീനിൽ നിന്ന് അടുത്തതിലേക്കുള്ള പോക്ക് പലപ്പോഴും ഒഴുക്കില്ലാതെയാണ്. സിനിമാസ്വാദനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ പല സീനുകളും ഒരു ഘടനയില്ലാതെയും അനുഭവപ്പെട്ടു. വേണ്ട രീതിയിൽ ബിൽഡ് അപ്പ് ചെയ്യാതെ പെട്ടെന്ന് പറഞ്ഞുപോകുന്ന രീതി പലയിടത്തും സംവിധായകൻ സ്വീകരിച്ചിരിക്കുന്നതായി കാണാം. പല സീനുകളും ഇത് പോലെ വിരസമായാണ് കടന്ന് പോകുന്നത്.

പോരായ്മകൾ ഉണ്ടെങ്കിലും സാങ്കേതിക മികവ് ഏറെ അവകാശപ്പെടാവുന്ന ചിത്രമാണ് മരക്കാർ. ഫ്രെയിമുകളും വിഎഫ്എക്സും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. തിരുവിന്റെ ക്യാമറ വർക്കും മികച്ചതാണ്.

കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രം അനായാസമായാണ് മോഹൻലാൽ അവതരിപ്പിച്ചത്. കഥാപാത്രം ആവശ്യപ്പെടുന്ന പോലെയുള്ള ആക്ഷൻ രംഗങ്ങളും അദ്ദേഹം മികച്ചതാക്കി. കുഞ്ഞാലിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹൻലാലും തൻ്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. മഞ്ജുവാര്യർ, സുഹാസിനി, നെടുമുടിവേണു, ഫാസിൽ, സുനിൽഷെട്ടി, പ്രഭു, അർജ്ജുൻ സർജ, അശോക് സെൽവൻ, മുകേഷ്, സിദ്ധിഖ്, ഇന്നസെന്റ്, മാമുക്കോയ, കീർത്തിസുരേഷ്, കല്യാണി പ്രിയദർശൻ, ബാബുരാജ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിന്നാലിയുടെ വേഷം ചെയ്ത ജയ് ജെ ജക്രിത്ത് മികച്ച പ്രകടനമാണ് നടത്തിയത്.

പുരസ്കാരങ്ങളും ട്രെയിലറും പ്രൊമോഷനും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തിയെങ്കിലും അത്തരം പ്രതീക്ഷ വെച്ച് കാണേണ്ട സിനിമയല്ലിത്. ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളേക്കാൾ കുഞ്ഞാലിയുടെ വൈകാരികമായ ജീവിതയാത്രയാണ് ചിത്രം. ദൃശ്യമികവോടെ ദേശസ്നേഹിയായ ആ ധീരയോദ്ധാവിന്റെ കഥ തന്റേതായ ചേരുവകൾ ചേർത്ത് വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ് പ്രിയദർശൻ. പല അഭിപ്രായങ്ങൾ ഉയരുമെങ്കിലും പ്രതീക്ഷകൾ മാറ്റി വെച്ചാൽ മോശമല്ലാത്ത അനുഭവം പ്രേക്ഷകന് ലഭിക്കും എന്നതിൽ തർക്കമില്ല.

Advertisement
Advertisement