ദളിതർ ഇവിടെ പടിക്ക് പുറത്ത്

Thursday 02 December 2021 9:07 PM IST
തെയ്യം കാണുന്നതിന് നില്ക്കാൻ തീയ്യർക്കും ദളിതർക്കും പ്രത്യേകമായി ജടാധാരി ക്ഷേത്രത്തിന് പുറത്ത് കെട്ടിയ ഷെഡ്

കാസർകോട്: എൻമകജെ പഞ്ചായത്തിൽപെട്ട പഡ്രെ ബദിയാറു ജടാധാരി ഭൂതസ്ഥാനത്തിൽ ഉത്സവകാലം. ക്ഷേത്ര കമ്മറ്റി ഭാരവാഹികളിൽ ഒരാളുടെ തറവാട്ടുമുറ്റത്താണ് പ്രസാദ് ഊട്ട്. ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്നവർക്ക് അന്നദാനം ഇവിടെ നിർബന്ധമാണ്. മൂവായിരത്തിനും നാലായിരത്തിനുമിടയിൽ ആളുകൾ കൂടുന്നതാണ് ഇവിടത്തെ ഉത്സവം.

പ്രസാദ് ഊട്ടിനുള്ള ഊഴം കാത്ത് വലിയ നിരയുണ്ട്. പൊരിവെയിലിൽ മണിക്കൂറുകൾ കാത്തിരുന്ന് വിശന്നു വലഞ്ഞ കുട്ടികൾ കരഞ്ഞുതുടങ്ങി. ഭക്ഷണം കൊടുക്കുന്നതിന് ഓരോ തട്ടുകളുണ്ട്. മേൽജാതിക്കാരെല്ലാം ഭക്ഷണം കഴിച്ചു മടങ്ങിയതിന് ശേഷം മാത്രമേ കീഴ്ജാതിക്കാർക്ക് അന്നം എത്തുകയുള്ളു. ഓരോ തട്ടുകൾ നോക്കി കൊടുത്തുകഴിഞ്ഞു ദളിതർക്ക് കിട്ടാൻ രാത്രിയാകും. വലിയ ഇലയിലോ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പാത്രത്തിലോ ആണ് ഭക്ഷണം.വഴിക്ക് അപ്പുറത്തേക്ക് ഇട്ടുകൊടുക്കുന്ന ഭക്ഷണം വാങ്ങി റോഡരുകിലോ മരത്തണലിലോ പൊന്തയിലോ പോയിരുന്നു കഴിക്കണം. ക്ഷേത്രത്തിൽ അനുവർത്തിക്കുന്ന ജാതീയതയുടെ ക്രൂരമുഖം ഈ അന്നദാനം കണ്ടാൽ ആർക്കും ബോദ്ധ്യപ്പെടും.

ഭക്ഷണം കിട്ടാതെ കരഞ്ഞുനിലവിളിക്കുന്ന കുട്ടികളുടെ ശബ്ദം കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീനിവാസ് നായ്ക്ക് പറയുന്നു. ബദിയാറുവിൽ 47 സെന്ററിൽ സ്ഥിതിചെയ്യുന്ന ജടാധാരി ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിലൂടെ ദളിതർക്ക് പ്രവേശനം പാടില്ല. സിമന്റിൽ പണിത ഈ കവാടത്തിലേക്കുള്ള 18 പടികളിലൂടെ ബ്രാഹ്മണർ, ഷെട്ടികൾ, ഗൗഡർ, മണിയാണി തുടങ്ങിയ മുന്നോക്കക്കാർക്ക് മാത്രം കടന്നുചെല്ലാം. മൊഗർ, ഭൈര, മയില, കൊറഗ, നാൽക്കദായർ എന്നീ ദളിത് വിഭാഗക്കാർക്കാണ് വിലക്ക്. തീയ്യ സമുദായ അംഗങ്ങളും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ക്ഷേത്രത്തിന് അരികിലുള്ള കാട്ടിലൂടെയാണ് ദളിതർ പോകേണ്ടത്. കാടുമൂടിയ വളഞ്ഞ വഴിയിലൂടെ ഭൂതസ്ഥാനത്തിന് പിന്നിലെത്താം. അവിടെ എത്തിയാൽ വിവേചനം പതിന്മടങ്ങാണ്.

ജടാധാരി തെയ്യത്തെ കാണാൻ മേൽജാതിക്കാർക്ക് ഇരിക്കാൻ നടുമുറ്റത്ത് ചുറ്റും സിമന്റിൽ തീർത്ത ഇരിപ്പിടവും കസേരയുമുണ്ടാകും. തീയ്യസമുദായക്കാർക്ക് ഇരിക്കാൻ ഏറ്റവും പിറകിൽ ഓടിട്ട ഷെഡ് .അടിയാളർക്ക് നില്ക്കാൻ ടിൻഷീറ്റ് മേൽക്കൂരയാക്കിയ ചെറിയ പന്തൽ. എല്ലാവരും മാറിനിന്ന് തെയ്യത്തെ കാണണം.

'64 ജനവിഭാഗത്തിന്റെ ദേവൻ"

വിശ്വസിക്കുന്നവനെ രക്ഷിക്കുകയും 1001 പാവങ്ങൾക്കും 101 സമ്പന്നന്മാർക്കും തുല്യമായി അഭയം നൽകുന്ന മഹാശക്തിയാണ് ജടാധാരിയെന്നാണ് ചൊല്ല്. 64 ജനവിഭാഗങ്ങളുടെ ദൈവികാനുഷ്‌ഠാനം. ഗൗഡ സമുദായക്കാർ പ്രതിനിധികളായും ആയുധം നൽകുന്നവരായും വർത്തിക്കുന്നു. വണ്ണാൻ സമുദായം ദൈവസങ്കല്പം ചെയ്തു പരികർമ്മം നടത്തുന്നു. ഗണിക സമുദായം കൈവിളക്ക് ഏന്തിയും ബില്ലവ സമുദായം ആയുധം കൈമാറ്റവും ദീക്ഷയും ചെയ്ത് മറാട്ടി സമുദായം പല്ലക്കും ഭണ്ഡാരവും ചുമന്നും കോപ്പാളർ തെയ്യം കെട്ടുകയും ചെയ്യുന്ന ഏകാത്മക ദർശനത്തിന്റെ പ്രതിരൂപമാണ് ജടാധാരി. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയ സങ്കൽപം ദൃശ്യമാകുന്ന ജടാധാരിയുടെ പേരിലാണ് സവർണ്ണൻ ജാതീയതയുടെ വിഷം കുത്തിവെച്ചു കീഴാളജനതയെ അകാരണമായി അകറ്റുന്നത്.

നാളെ..നേർച്ചപണം വാങ്ങിക്കാൻ ഇടനിലക്കാരൻ

Advertisement
Advertisement