മദ്ധ്യപ്രദേശിൽ വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി

Friday 03 December 2021 12:33 AM IST

ഭോപ്പാൽ: ചരിത്രത്തിലാദ്യമായി വനിതാപൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മദ്ധ്യപ്രദേശ് സർക്കാർ.

2019ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൃത്യമായ

മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്. ഗ്വാളിയോറിലെയും ഡൽഹിയിലെയും ഡോക്ടർമാർ യുവതിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയതായി മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മദ്ധ്യപ്രദേശിൽ ആദ്യമായാണിതെന്നും ഒരാളുടെ അവകാശമാണ് ലിംഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയുംനാൾ ജീവിച്ചതെന്നും അതിൽ നിന്ന് മുക്തി നേടണമെന്നും അവർ പറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു. ഡൽഹി എയിംസിലാണ് സർജറി നടത്തുക. പക്ഷേ, വനിതാ കോൺസ്റ്റബിളിന്റെ കുടുംബം ലിംഗമാറ്റത്തെ അനുകൂലിക്കുന്നില്ല. എങ്കിലും ശസ്ത്രക്രിയ നടത്താനാണ് അനരുടെ തീരുമാനം, ഇതുവരെയുള്ള തന്റെ സമ്പാദ്യം ചെലവഴിച്ചാണിത്. 2018ൽ മഹാരാഷ്ട്രയിലാദ്യമായി ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പേര് ലളിത് എന്നാക്കി മാറ്റി.