ഒന്നരക്കിലോ കഞ്ചാവും വാറ്റുചാരായവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: കോവളം ആവാടുതുറയിൽ കഞ്ചാവും ചാരായവും വില്പന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. ആവാടുതുറ പാലസ് ജംഗ്ഷനു സമീപം തുണ്ടുവിളയിൽ രതിൻ (33), ശ്രീകണ്ഠേശ്വരം കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ (35) എന്നിവരെയാണ് നാർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ഇവർ താമസിക്കുന്ന കമലേശ്വരം ശാന്തി ഗാർഡൻസിലെ വാടകവീട്ടിലെ വാറ്റുകേന്ദ്രത്തിൽ നിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും ഒന്നരക്കിലോയോളം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന സാധനങ്ങളും കണ്ടെത്തി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ഇവർ വാടക വീട്ടിൽ രഹസ്യമായി ചാരായം വാറ്റി വില്പന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂന്തുറ പൊലീസും നാർക്കോട്ടിക് സെൽ ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പൂന്തുറ ഇൻസ്പെക്ടർ ബി.എസ്. സജികുമാർ, എസ്.ഐമാരായ വിമൽ, രാഹുൽ, അസി.സബ് ഇൻസ്പെക്ടർമാരായ സുധീർ, ബീനാ ബീഗം, സീനിയർ സി.പി.ഒ ബിജു, എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.