കവടിയാർ കൊട്ടാരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള 20 കോടിയുടെ വിഗ്രഹം കച്ചവടത്തിന്, എല്ലാം  പൊളിച്ച് കയ്യിൽ കൊടുത്തു പൊലീസ് 

Friday 03 December 2021 10:55 AM IST

തൃശൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ളതും 20 കോടി രൂപ മൂല്യമുള്ളതുമാണെന്ന് അവകാശപ്പെട്ട് വ്യാജ വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണിക്കൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂർ പടിഞ്ഞാറെക്കോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും അറസ്റ്റു ചെയ്തത്.

പാവറട്ടി പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച് വിഗ്രഹം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. തനി തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്പ് കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയതാണെന്നും കൽപ്പറ്റ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഉണ്ടായിരുന്നു എന്നുമായിരുന്നു പ്രതികളുടെ അവകാശവാദം.

രണ്ടര കോടി രൂപ കോടതിയിൽ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നും പറഞ്ഞിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും കൈവശം ഉണ്ടായിരുന്നു. പ്രതികളുടെ സംസാരത്തിലും ആധികാരികത തെളിയിക്കാനെന്ന വ്യാജേന തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളിലും ആരും വീണുപോകുമായിരുന്നു. ഇരുപത് കോടി രൂപ വില പറഞ്ഞ വിഗ്രഹം, പത്തുകോടി രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ മുഖാന്തരമാണ് പ്രതികളെ ഷാഡോ പൊലീസ് സമീപിച്ചത്.

വിഗ്രഹവും, വ്യാജമായി തയ്യാറാക്കിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടും കോടതിയിൽ നിന്നുള്ള വ്യാജ വിടുതൽ രേഖയും തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജ്യണൽ ഫോറൻസിക് ലബോറട്ടറിയുടെ വ്യാജ സീൽ പതിപ്പിച്ച രേഖകളും മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തു. അറസ്റ്റിലായ ഗീതാറാണിക്കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയത് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പുകേസുകളുണ്ട്.

ഷാജിക്കെതിരെ ടൗൺ വെസ്റ്റ് സ്റ്റേഷനിൽ പതിനെട്ട് ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതിന് കേസുണ്ട്. പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ രതീഷ്, ജോഷി, ഷാഡോ സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.